കോട്ടയം: ഭിന്നശേഷി വിഭാഗത്തിന്റെ ഉന്നമനത്തിനായും, ഭിന്നശേഷി പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് വേണ്ട ഇടപെടലുകൾ നടത്തുക എന്ന ലക്ഷ്യത്തോടെയും സെമിനാർ സംഘടിപ്പിച്ചു. സാമൂഹിക നീതി വകുപ്പിന്റെയും – വനിത ശിശുവികസന വകുപ്പിന്റെയും സംയുക്ത സംഘാടനത്തിൽ കോട്ടയത്തെ എന്റെ കേരളം പ്രദർശന വിപണ മേളയുടെ വേദിയിൽ ‘ഭിന്നശേഷി നേരത്തെ തിരിച്ചറിയലും ഇടപെടലും’ എന്ന വിഷയത്തിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി. എൻ ഗിരീഷ്‌കുമാർ അധ്യക്ഷനായി.
തിരുവന്തപുരം നിഷ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളജി സീനിയർ ലക്ചറർ എസ്. എസ് ആര്യ മോഡറേറ്ററായി. കോട്ടയം ഐ.സി.എച്ച് പീഡിയാട്രിക്‌സ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. തോമസ് പി. വർഗ്ഗീസ്, കോട്ടയം ജനറൽ ഹോസ്പിറ്റൽ സൈക്യാട്രിസ്റ്റ് കൺസൾട്ടന്റ് ഡോ. ടോണി തോമസ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് ന്യൂറോ ഡവലപ്‌മെന്റൽ സയൻസ് സീനിയർ ലക്ച്ചറർ വീണ മോഹൻ എന്നിവർ വിഷയാവതരണം നടത്തി. ഗർഭകാലം മുതൽ കുട്ടികളിൽ ഉണ്ടാകുന്ന വൈകല്യങ്ങൾ തിരിച്ചറിയുന്നതിനും അതിന് വേണ്ട പരിഹാര ചികിത്സാ നടപടികളും സെമിനാർ ചർച്ച ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെറിയ പ്രായത്തിൽ തന്നെ കുട്ടികളിൽ ഉണ്ടാവുന്ന വൈകല്യങ്ങൾ തിരിച്ചറിയാനുള്ള രക്ഷിതാക്കളുടെ അവ്യക്തതയും, തിരിച്ചറിഞ്ഞാൽ തന്നെയുള്ള ചികിത്സാ ചെലവും, രക്ഷിതാക്കളുടെ സാമ്പത്തിക പ്രതിസന്ധിയുമെല്ലാം കുട്ടികളെ ജീവിതകാലം മുഴുവൻ ഭിന്നശേഷിക്കാരാക്കി മാറ്റുന്നു എന്നും സെമിനാർ വിലയിരുത്തി. ഭിന്നശേഷിക്കാരായ കുട്ടികൾ ഉള്ളതിനാൽ മാതാപിതാക്കൾക്ക് കൃതമായി തൊഴിലിടങ്ങളിൽ എത്താൻ കഴിയാത്ത സാഹചര്യമുണ്ടെന്നും അതിനാൽ ഭിന്നശേഷി വിഭാഗത്തിന്റെ ഉന്നമനത്തിനൊപ്പം തന്നെ കുടുംബത്തിന്റെ സംരക്ഷണവും, സാമ്പത്തിക ഭദ്രതയും എല്ലാം സാമൂഹികമായ ഉത്തരവാദിത്തമായി കണ്ടുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകണമെന്നുമുള്ള കാര്യങ്ങൾ സെമിനാറിൽ ചർച്ചയായി.
ഗർഭകാലം മുതൽ കുഞ്ഞ് ജനിക്കുന്ന നാളുവരെ തലച്ചോറിനുണ്ടാകുന്ന ചെറിയ വളർച്ചാ പ്രശ്‌നങ്ങൾ പോലും കുഞ്ഞിന്റെ ജീവിതത്തെ സാരമായി ബാധിക്കും. ഇതിന് വർഷങ്ങൾക്ക് ശേഷമുള്ള ചികിത്സക്ക് പകരം നേരത്തെയുള്ള ഇടപെടലുകളാണ് ആവശ്യം. ഇതിന് കുട്ടികളുടെ വളർച്ചാ ഘട്ടങ്ങൾ രക്ഷിതാക്കൾ കൃത്യമായി മനസിലാക്കണം. കുട്ടികൾക്ക് മറ്റുള്ളവരുമായി ഇടപെടാനും ആശയ വിനിമയം നടത്താനുമുള്ള സാഹചര്യങ്ങൾ മാതാപിതാക്കൾ ഒരുക്കണം. കൂടുതലായും മാസം തികയാതെ ജനിക്കുന്ന കുട്ടികൾക്കും ജനിക്കുമ്പോൾ കുട്ടികൾക്കോ ഗർഭകാലഘട്ടത്തിൽ അമ്മയ്‌ക്കോ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങളോ അണുബാധയോ കാരണമാവാം എന്നും സെമിനാർ വിലയിരുത്തി. ഇത്തരം പ്രശ്‌നങ്ങൾ ആദ്യമേ തന്നെ കണ്ടെത്തി ഫലപ്രദമായ ചികിത്സ നൽകിയാൽ കുട്ടികളുടെ ജീവിത നിലവാരം മെച്ചപ്പെടുന്നതിനൊപ്പം തന്നെ സമൂഹത്തിന് നല്ല ഒരു വ്യക്തിയെ കൂടി പ്രദാനം ചെയ്യാൻ സാധിക്കുമെന്നും സെമിനാർ കൂട്ടി ചേർത്തു.
സെമിനാറിനോടനുബന്ധിച്ച് 2016 ലെ ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ച് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്. എച്ച്. പഞ്ചാപകേശൻ ക്ലാസ് നയിച്ചു. തുടർന്ന് ജൂൺ 12 മുതൽ 27 വരെ ജർമ്മനിയിലെ ബർലിനിൽ നടക്കുന്ന സ്‌പെഷ്യൽ ഒളിംപിക്‌സിലേക്കുള്ള ഇന്ത്യൻ ടീമിലേക്ക് ജില്ലയിലെ വിവിധ ബഡ്‌സ് സ്‌കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എട്ട് കുട്ടികളെ ഭിന്നശേഷി കമ്മീഷണർ ആദരിച്ചു.
ജില്ലാ സാമൂഹ്യ നീതി ഓഫീസർ വി എ ഷംനാദ്, ജില്ലാ വനിതാ ശിശു വികസന ഓഫിസർ റേച്ചൽ ഡേവിഡ്, ജില്ലാ പ്രൊബേഷൻ ഓഫീസർ ജി മനോജ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എം. ആർ. ബിന്ദു, ജില്ലാ സാമൂഹ്യ നീതി ഓഫീസ് സീനിയർ സൂപ്രണ്ട് എൻ. പി. പ്രമോദ് കുമാർ എന്നിവർ പങ്കെടുത്തു.