രാമപുരം: രാമപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേ ദിവസം കുറുക്കന്റെ ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്ക്. വളക്കാട്ടുകുന്ന്, ചിറകണ്ടം, ഏഴാച്ചേരി എന്നീ ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്. ചിറകണ്ടം നടുവിലാ മാക്കല്‍ ബേബി(58), ചിറകണ്ടം നെടുമ്പള്ളില്‍ ജോസ്(83), വളക്കാട്ടുകുന്ന് തെങ്ങുംപ്പള്ളില്‍ മാത്തുക്കുട്ടി(53), ഭാര്യ ജൂബി(47) എന്നിവര്‍ക്ക് നേരെയാണ് കുറുക്കന്റെ അക്രമണമുണ്ടായത്.
മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍കൂടിയായ നെടുമ്പള്ളില്‍ ജോസ് രാവിലെ 6 മണിക്ക് ചിറകണ്ടം – ഏഴാച്ചേരി റോഡില്‍ പ്രഭാത സവാരി നടത്തി തിരികെ വീട്ടിലേയ്ക്ക് വരുന്ന വഴി ഗെയ്റ്റിന് മുന്‍വശത്ത് എത്തിയപ്പോള്‍ എതിരെ ഒരു കൂസലും ഇല്ലാതെ കുറുക്കന് വരുന്നത് കണ്ട് അതിനെ ഓടിക്കുവാന്‍ കല്ലെടുക്കുന്നപോലെ ഭാവിച്ച് കുനിഞ്ഞപ്പോഴാണ് മുഖത്ത് കുറുക്കന് ചാടി കടിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നടുവിലാമാക്കല്‍ ബേബി രാവിലെ 6.30 ന് വീടിന് സമീപത്തെ പുരയിടത്തേയ്ക്ക് ഇറങ്ങിയപ്പോഴാണ് കുറുക്കന് മുഖത്തും, കയ്യിലും കടിച്ചത്. ഇദ്ദേഹത്തിന്റെ ഒരു വിരലിന്റെ ഒരുഭാഗം കുറുക്കന് കടിച്ചെടുത്തു. വളക്കാട്ടുകുന്ന് തെങ്ങുംപള്ളില്‍ മാത്തുക്കുട്ടി രാവിലെ 7 മണിക്ക് വീടിന്റെ മുറ്റത്തേയ്ക്ക് ഇറങ്ങിയപ്പോഴാണ് കുറുക്കന് ആക്രമിച്ചത്. മാത്തുക്കുട്ടിയെ അക്രമിക്കുന്ന കണ്ട് ഭാര്യ ജൂബി ഓടി എത്തിയപ്പോള്‍ ജൂബിയെയും കുറുക്കന് കടിക്കുകയായിരുന്നു.
എല്ലാവരും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. കുറുക്കന്റെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് പേവിഷ ബാധയേക്കുന്നവര്ക്ക് നല്‍കുന്നതിന് സമാനമായ ചികിത്സയാണ് നല്‍കുന്നത്. സമീപപ്രദേശങ്ങളില്‍ നിന്നും വനമേഖല അല്ലാത്ത രാമപുരത്ത് പലപ്പോഴായി എത്തപ്പെടുന്നു കുറുക്കന് ഉള്‍പ്പെടെയുള്ള വന്യജീവികള്‍ ഈ പ്രദേശത്ത് ജനവാസ മേഖല അല്ലാത്ത ചെറിയ കാടുകളില്‍ ജീവിക്കുകയും തുടര്‍ന്ന് ഭക്ഷണം തേടി പുറത്തിറങ്ങുകയും ചെയ്യുമ്പോള്‍ ആണ് ജനങ്ങളുടെ നേരെ അക്രമം ഉണ്ടാകുന്നതെന്നും ചിറകണ്ടം വാര്‍ഡ് മെമ്പര്‍ ആല്ബിന് അലക്സ് ഇടമനശ്ശേരില്‍ പറഞ്ഞു.