പത്തനംതിട്ട : കുടുംബശ്രീയുടെ ജില്ലാതല കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമയില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. നാടോടി നൃത്തം, സംഘ നൃത്തം, തിരുവാതിര, നാടകം, ഫാന്‍സിഡ്രസ്, അലാമിക്കളി, തുടങ്ങിയ 36 ഇനം സ്റ്റേജ് പരിപാടികളിലും 19 ല്‍ പരം സ്റ്റേജ് ഇതര പരിപാടികളിലും 300 ഓളം കാലാകാരികള്‍ മാറ്റുരച്ചു. ജില്ലയിലെ 58 സിഡിഎസുകളില്‍ നിന്നും അരങ്ങിലേക്കെത്തിയ കലാപ്രകടനങ്ങള്‍ ഒന്നിനൊന്നു മികച്ചതായിരുന്നു. കുടുംബശ്രീ മിഷന്റെ നൂതന ആശയമായ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ പങ്കാളിത്തം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഭാഗമായി യുവതലമുറയിലെ സ്ത്രീകള്‍ കൂടി എത്തിയപ്പോള്‍ അരങ്ങ് ഒരു ആഘോഷമായി. അരങ്ങിന്റെ സംസ്ഥാന തല മത്സരങ്ങള്‍ ജൂണ്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ തൃശൂരില്‍ നടക്കും.
പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തിലും പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിലുമായാണ് പരിപാടി സംഘടിപ്പിച്ചത്. കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അയല്‍ക്കൂട്ടം അംഗങ്ങള്‍ക്കും, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും അവരുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഉള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ എഡിഎസ് തലം മുതല്‍ സംസ്ഥാനതലം വരെ സംഘടിപ്പിക്കുന്ന കലാ കായിക മേളയാണ് അരങ്ങ് 2023 ഒരുമയുടെ പലമ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എ.ഡി.എസ് / സി.ഡി.എസ് തലങ്ങളില്‍ മത്സരിച്ച് വിജയിച്ച കലാകാരികള്‍ താലൂക്ക്തലത്തില്‍ മാറ്റുരച്ചു. താലൂക്ക് തലത്തില്‍ വിജയികളായവരെ പങ്കെടുപ്പിച്ച് ജില്ലാതല മത്സരവും നടത്തി. കലോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനും സമ്മാനദാനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈനും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അജോമോന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് ബാബു, അസിസ്റ്റന്റ് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ റ്റി. ഇന്ദു, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു രേഖ, പത്തനംതിട്ട സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പൊന്നമ്മ ശശി എന്നിവര്‍ സംസാരിച്ചു.