പൂഞ്ഞാർ പഞ്ചായത്ത് ഒന്നാം വാർഡ് തിരഞ്ഞെടുപ്പ് ; നേർക്കുനേർ പോരാട്ടത്തിൽ യുഡിഎഫും എൻഡിഎയും; നിർണ്ണായക തിരഞ്ഞെടുപ്പിന് ഇനി ഒരൊറ്റ ദിവസം മാത്രം

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള നിർണ്ണായകമായ തിരഞ്ഞെടുപ്പിൽ യുഡിഎഫും എൻഡിഎയും നേർക്കുനേർ മത്സരിക്കുകയാണ് പൂഞ്ഞാർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ. തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിച്ചതോടെ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം തന്നെ പ്രചാരണം പൂർത്തിയാക്കിയിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥിയായി പൂഞ്ഞാർ പഞ്ചായത്തിലെ പെരുന്നിലെ വാർഡിൽ മഞ്ജു ജെയ്‌മോനാണ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത്.

എൻഡിഎയുടെ പിൻതുണയോടെ ജനപക്ഷം സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ശാന്തി ജോസാണ്. ആപ്പിൾ ചിഹ്നത്തിലാണ് ശാന്തി ഇവിടെ മത്സരിക്കുന്നത്. സിപിഎം സ്ഥാനാർത്ഥിയായി അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിക്കുന്ന ബിന്ദു അശോകനാണ് ഇവിടെ ഇടതു പക്ഷ സ്ഥാനാർത്ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്കു 70 വോട്ടും, സിപിഎമ്മിന് 66 വോട്ടുമാണ് ലഭിച്ചത്. ഈ സാഹചര്യത്തിൽ ജനപക്ഷ സ്ഥാനാർത്ഥി എൻഡിഎ പിൻതുണയോടെ മത്സരിക്കുന്നത് ശക്തമായ പോരാട്ടമായി മാറുന്നു. ഇത്തരത്തിൽ എൻഡിഎ പിടിമുറുക്കുന്നത് തന്നെയാണ് കോൺഗ്രസിന്റെയും കരുത്ത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൻഡിഎ നേർക്കുനേർ മത്സരിക്കുമ്പോൾ തങ്ങൾക്കുള്ള വോട്ടുകൾ കൃത്യമായി കേന്ദ്രീകരിക്കപ്പെടുമെന്നാണ് കോൺഗ്രസും യുഡിഎഫും വിലയിരുത്തുന്നത്. ക്ലീൻ ഇമേജുള്ള അധ്യാപികയായ സ്ഥാനാർത്ഥിയാണ് യുഡിഎഫ് സ്ഥാനാർത്ഥിയെന്നതാണ് പ്രചാരണ ആയുധമായി യുഡിഎഫ് പ്രവർത്തകർ ഉയർത്തിക്കാട്ടുന്നത്. മതേരത പ്രതിച്ഛായയുള്ള യുവ സ്ഥാനാർത്ഥിയായ വനിതയ്ക്ക് വോട്ടെത്തിക്കുന്നതിന് കൈമെയ് മറന്നുള്ള പ്രവർത്തനത്തിലാണ് യുഡിഎഫ് പ്രവർത്തകർ. സ്വന്തം വാർഡ് അംഗമാണ് എന്നതും യുഡിഎഫ് സ്ഥാനാർത്ഥിയ്ക്കു പോസിറ്റീവായി മാറിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ കർണ്ണാടകത്തിലെ കോൺഗ്രസിന്റെ വിജയം അടക്കം ഇവിടെ യുഡിഎഫിന് പ്രതീക്ഷ പകരുന്നതാണ്. ബിജെപിയ്‌ക്കെതിരെ കോൺഗ്രസ് മാത്രമാണ് ബദൽ എന്ന രീതിയിലുള്ള ചർച്ചകൾ മുസ്ലീം സമുദായത്തിനിടയിൽ ഇതിനോടകം തന്നെ പടർന്നു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ മുസ്ലീം വിരുദ്ധ പ്രചാരണം നടത്തുന്ന പി.സി ജോർജിനും, എൻഡിഎയ്ക്കും എതിരെ താക്കീത് നൽകാനുള്ള അവസരം കൂടിയായി വോട്ടർമാർ ഈ തിരഞ്ഞെടുപ്പിനെ ഉപയോഗിക്കുമെന്നും യുഡിഎഫ് കണക്കു കൂട്ടുന്നു.

കുടുംബ വോട്ടുകളിൽ പകുതിയിലേറെയും തനിക്ക് അനൂകൂലമാകാനുള്ള സാധ്യതയാണ് എൻഡിഎ സ്ഥാനാർത്ഥി കണക്കു കൂട്ടുന്നത്. ബിജെപിയുടെ സമുദായ വോട്ടുകളും, ജനപക്ഷത്തിന്റെ വോട്ടുകളും തനിക്ക് ലഭിക്കുമെന്നാണ് എൻഡിഎ സ്ഥാനാർത്ഥിയുടെ കണക്ക് കൂട്ടലുകൾ. വാർഡിന് പുറത്തു നിന്നുള്ള സ്ഥാനാർത്ഥിയാണെങ്കിലും കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചതിന്റെ ഗുണം തനിക്ക് ലഭിക്കുമെന്നാണ് എൻഡിഎ സ്ഥാനാർത്ഥിയുടെ കണക്ക് കൂട്ടൽ.

ഒന്നാം വാർഡിലുള്ള ആളല്ലെങ്കിലും പാർട്ടി ചിഹ്നത്തിലെ വോട്ടുകൾ ലഭിക്കുമെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ആത്മവിശ്വാസം. സമുദായങ്ങളുടെ പിൻതുണയും, സർക്കാരിന്റെ നേട്ടങ്ങളും വോട്ടാക്കി മാറ്റാമെന്നും എൽഡിഎഫ് പ്രതീക്ഷിക്കുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ നിഷ്പക്ഷ വോട്ടുകളും ഭരണവിരുദ്ധ വികാരവും യുഡിഎഫ് സ്ഥാനാർത്ഥിയ്ക്കു അനൂകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ജനപിൻതുണയിലുള്ള കുറവും, സമുദായ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയും ജനപക്ഷവും എൽഡിഎഫും വീതം വച്ചെടുക്കുകയും ചെയ്യുമെന്നാണ് കണക്ക് കൂട്ടലുകൾ. ഇതിനിടെ പാർട്ടി വോട്ടുകളെ മാത്രം എൽഡിഎഫ് ആശ്രയിക്കുന്നത് എത്രത്തോളം ഫലം ചെയ്യുമെന്ന ആശങ്കയുമുണ്ട്. ഈ സാഹചര്യത്തിൽ യുഡിഎഫ് വോട്ടുകൾ കൃത്യമായി പെട്ടിയിലായാൽ യുഡിഎഫ് സ്ഥാനാർത്ഥിയ്ക്കു ജയിച്ചു കയറാനാകുമെന്നാണ് കണക്ക് കൂട്ടുന്നത്.

Hot Topics

Related Articles