കവിയൂർ: തോട്ടഭാഗത്ത് അമിത വേഗത്തിൽ എത്തിയ കാർ സ്കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത് രണ്ടു സ്കൂട്ടറുകളെയാണെന്നും. സംഭവത്തിൽ നാലു പേർക്ക് പരിക്കേറ്റെന്നുമാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പടിഞ്ഞാറ്റുശേരി പുതുവേലിൽ പ്രവീണിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും, പാറയിൽ റെജി പുന്നൂസിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈ അപകടത്തിൽ മറ്റൊരു ബൈക്കിൽ യാത്ര ചെയ്തിരുന്ന വള്ളംകുളം സ്വദേശികളായ ടിലു, സുഭാഷ് എന്നിവർക്കും പരിക്കേറ്റതായും വിവരം ലഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ കവിയൂർ തോട്ടഭാഗം ജംഗ്ഷന് സമീപമായിരുന്നു അപകടം. തിരുവല്ല ഭാഗത്തേയ്ക്കു പോകുകയായിരുന്ന സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു എന്നാണ് ആദ്യം പുറത്തു വന്ന വിവരം. എന്നാൽ, കോഴഞ്ചേരി ഭാഗത്തേയ്ക്ക് പോയ സ്കൂട്ടറിൽ ആദ്യം തട്ടിയ കാർ നിയന്ത്രണം വിട്ടാണ് പ്രവീണും, സുഹൃത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ആദ്യം ഇടിച്ച സ്കൂട്ടറിലെ യാത്രക്കാരായ ടിലുവും, സുഭാഷും തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇരുവർക്കും ഗുരുതരമായ പരിക്കില്ലാത്തതിനാൽ പ്രാഥമിക ചികിത്സ തേടിയ ശേഷം ഇവരെ വിട്ടയച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യം ഇടിച്ച സ്കൂട്ടറിൽ നിന്നും രണ്ടു യുവാക്കളും റോഡിൽ തെറിച്ചു വീണു. ഇവരുടെ ശരീരത്തിലൂടെ കയറിയങ്ങാതിരിക്കാൻ വെട്ടിച്ചു മാറ്റിയ കാറാണ് എതിർ ദിശയിൽ നിന്നും എത്തിയ മറ്റൊരു സ്കൂട്ടറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണാണ് രണ്ട് പേർക്കും പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. പ്രവീണും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ച കാർ, മീറ്ററുകളോളം ഇരുവരെയും, സ്കൂട്ടറിനെയും വലിച്ചു നീക്കി കൊണ്ടു പോയി. സംഭവത്തിൽ പൊലീസ് കേസെടുത്തു.