കോട്ടയം : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തേക്ക് കോട്ടയം ജില്ലയിൽ നിന്നുള്ള നേതാക്കൾക്ക് ‘അയോഗ്യത’. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് കോട്ടയം ജില്ലയിൽ നിന്നുള്ള ഒരു നേതാവ് പോലും യോഗ്യത നേടിയില്ല. ജില്ലയിൽ നിന്ന് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 12 പേർ യോഗ്യത നേടിയപ്പോഴാണ് ജില്ലയിൽ നിന്നുള്ള ഒരു നേതാവിന് പോലും സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് യോഗ്യത ലഭിക്കാതെ പോയത്. കോൺഗ്രസിന്റെ തറവാട് എന്ന അവകാശപ്പെടുന്ന കോട്ടയത്തുനിന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്താനാവാതെ പോയത് പ്രവർത്തകർക്കിടയിലും കടുത്ത അമർഷമായി മാറിയിട്ടുണ്ട്. പെർഫോമൻസും മുൻ കാല പോസ്റ്റുകളും പരിഗണിച്ചാണ് ഭാരവാഹി തിരഞ്ഞെടുപ്പിന് യോഗ്യരായവരെ കണ്ടെത്തിയത്.
കോട്ടയം ജില്ലയിൽ നിന്നുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നി ബു ഷൗക്കത്ത് , സി.ആർ ഗീവർഗീസ് , ഫ്രാൻസിസ് മരങ്ങാട്ടുപള്ളി , അഡ്വ. ജീൻസൻ ചെറുമല , രാഹുൽ മറിയപ്പള്ളി, റോബി തോമസ് , ഷാൻ ജോൺ , സുബിൻ മാത്യു , ജോർജ് പയസ് , ജെന്നിൻ ഫിലിപ്പ് , മനോജ് മോഹൻ , ലി ബിൻ ജോസഫ് , ഫാദിൽ ഷാജി എം എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ യോഗ്യത നേടിയവരുടെ അവസാന പേരുകൾ പ്രസിദ്ധീകരിച്ചു. ഓരോരുത്തരുടേയും പ്രവർത്തനം വിലയിരുത്തി, അഖിലേന്ത്യ യൂത്ത് കോൺഗ്രസ് കമ്മിറ്റിയാണ് പട്ടിക തയ്യാറാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പട്ടികയിൽ ഉൾപ്പെട്ടവർക്ക് നോമിനേഷൻ നൽകാം. രാഹുൽ മാങ്കൂട്ടത്തിൽ, ജെ എസ് അഖിൽ എന്നിവരടക്കമുള്ള 23 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഇതുവരെയും സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ഐക്യത്തിലേക്ക് എത്താൻ യൂത്ത് കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. എ ഗ്രൂപ്പിൽ നിന്നും ഐ ഗ്രൂപ്പിൽ നിന്നും പല പേരുകളാണ് ഉയരുന്നത്. അതിനിടെ, കെസി വേണുഗോപാൽ പക്ഷവും പേര് നിർദ്ദേശിച്ചിട്ടുണ്ട്.