ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ കോച്ചിൽ തീയിട്ട സംഭവം : എല്ലാം ചെയ്തത് തനിച്ചെന്ന് പ്രതി : സഹായം ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ്

കണ്ണൂര്‍: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ (16307) കോച്ചില്‍ തീയിട്ട കേസില്‍ പ്രതിക്ക് പുറമെനിന്ന് സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ്. തനിച്ചാണ് എല്ലാ കാര്യങ്ങളുംചെയ്തതെന്ന് ചോദ്യംചെയ്യലില്‍ പ്രതി പശ്ചിമ ബംഗാള്‍ സ്വദേശി പ്രസോൻജിത്ത് സിദ്ഗര്‍ (37) വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാൻ റിമാൻഡിലുള്ള പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി തിങ്കളാഴ്ച അപേക്ഷ നല്‍കും.

Advertisements

പ്രതി പ്രസോൻജിത്തിനെ കൃത്യം നടത്തി എട്ടുമണിക്കൂറിനുള്ളില്‍ തന്നെ പോലീസ് സംഘം പിടിച്ചു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്തു നിന്നുതന്നെയാണ് ഇയാള്‍ പിടിയിലായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീവെപ്പിന് മൂന്നുദിവസം മുൻപാണ് പ്രതി പശ്ചിമബംഗാളില്‍നിന്ന് തീവണ്ടിമാര്‍ഗം തലശ്ശേരിയിലെത്തിയത്. അവിടെനിന്ന് നടന്ന് വഴിയില്‍ കണ്ടവരോടൊക്കെ ഭിക്ഷയാചിച്ച്‌ ഒടുവിലാണ് കണ്ണൂരിലെത്തിയത്. രണ്ടുദിവസം കാര്യമായ ഭക്ഷണമൊന്നും ലഭിച്ചില്ല. ഇതില്‍ ക്ഷുഭിതനും നിരാശനുമായിരുന്നു.

തീവെപ്പിന് തലേദിവസം വൈകിട്ട് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി. പെപ്പില്‍നിന്ന് വെള്ളം കുടിച്ചും കിടന്നുറങ്ങിയും സമയം ചെലവഴിച്ചു. അര്‍ധരാത്രിയോടെ ഉറക്കമുണര്‍ന്ന് ഒന്നാമത്തെ പ്ലാറ്റ്ഫോമിന്റെ തെക്കുഭാഗത്തേക്ക് നടന്നു. ബി.പി.എല്‍.സി.യുടെ ഇന്ധനസംഭരണിക്ക് മുന്നിലെത്തിയപ്പോള്‍ കാവല്‍ക്കാരനോട് ഹിന്ദിയിലും ബംഗാളിയിലും സംസാരിച്ചു. ക്ഷോഭിച്ച കാവല്‍ക്കാരൻ പ്രതിയെ ഓടിച്ചുവിട്ടു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷൻ യാര്‍ഡില്‍ എട്ടാംലൈനിലേക്ക് നടന്നു.

തീവണ്ടിയുടെ വാതില്‍ തുറന്ന് അകത്തുകയറിയ പ്രസോൻജിത്ത് കോച്ചിന്റെയും ശൗചാലയത്തിന്റെയും ചില്ലുകള്‍ കല്ലുകൊണ്ട് തകര്‍ത്തു. തുടര്‍ന്ന് സീറ്റ് കുത്തിക്കീറി. ബീഡി വലിക്കാനായി കൈയില്‍ കരുതിയ ലൈറ്റര്‍ ഉപയോഗിച്ച്‌ സീറ്റിനുള്ളിലെ സ്പോഞ്ചിന് തീപിടിപ്പിക്കാൻ ശ്രമിച്ചെങ്കിലും കത്തിയില്ല. തുടര്‍ന്ന് മൂന്നുതവണ നടത്തിയ ശ്രമത്തിനൊടുവിലാണ് തീപിടിച്ചത്. അരമണിക്കൂര്‍ ഇതിനായി ചെലവഴിച്ചെന്ന് പ്രതി നല്‍കിയ മൊഴിയില്‍ പറയുന്നു.

തീ പടര്‍ന്നുപിടിച്ചപ്പോള്‍ കോച്ചിനകത്തുകൂടെ തന്നെയാണ് നടന്ന് താഴെയിറങ്ങിയത്. പ്രദേശത്തെ വഴികളെക്കുറിച്ച്‌ ഒരു ധാരണയും ഇയാള്‍ക്കുണ്ടായിരുന്നില്ല.

താവക്കര ബീവറേജ് ഗോഡൗണിന്റെ മതിലിനുസമീപം വരെ ചെന്നെങ്കിലും പുറത്ത് കടക്കാനായില്ല. തുടര്‍ന്ന് കാട്ടിലൂടെ നടന്ന് അണ്ടര്‍ ബ്രിഡ്ജ് വഴി റോഡിലേക്ക് ഇറങ്ങുകയായിരുന്നു. പിന്നീട് നേരേ ജില്ലാആസ്പത്രി വഴി ആയിക്കര ഭാഗത്തേക്ക് നടന്നു. ഭക്ഷണം വല്ലതും ലഭിക്കുമോയെന്ന് അവിടെ മത്സ്യത്തൊഴിലാളികളോട് അന്വേഷിച്ചു.

ലഭിക്കാതെ വന്നപ്പോള്‍ ക്ഷീണിതനായി ഹാര്‍ബറില്‍ കിടന്നുറങ്ങി. 9.30-ഓടെ വീണ്ടും നടന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷൻ ഭാഗത്തേക്ക്. ഇതിനിടയിലാണ് പോലീസ് ഇയാളെ തിരിച്ചറിഞ്ഞതും പിടികൂടിയതും. സംഭവം നടന്ന ദിവസം രാവിലെ 10-ഓടെ റെയില്‍വേ സ്റ്റേഷന്റെ തെക്കുഭാഗത്തെ റോഡിലൂടെ ഷര്‍ട്ട് ധരിക്കാത്ത താടിയുള്ള ഒരാള്‍ നടന്നുവരുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് പിടികൂടുകയായിരുന്നു.

പിന്നീട് നടന്ന ചോദ്യംചെയ്യലിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അജ്ഞാതകേന്ദ്രത്തില്‍വെച്ചാണ് രണ്ടുദിവസം ചോദ്യംചെയ്തത്. വിവരങ്ങള്‍ പുറത്ത് പോകാതിരിക്കാൻ പോലീസ് അതിജാഗ്രത കാണിച്ചു. എസ്.ഐ. നസീബ്, രാജീവൻ, ഷാജി, രഞ്ജിത്ത്, നാസര്‍, സ്നേഹേഷ്, രാജേഷ്, ഷൈജു എന്നിവരും പ്രതിയെ പിടിച്ച സംഘത്തിലുണ്ടായിരുന്നു.

Hot Topics

Related Articles