കുറവിലങ്ങാട് : കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ വളർച്ചയിലും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായി സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച പി.പി. നാരായണൻ നമ്പൂതിരിക്ക് വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരം.
കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരിക്കെ 2023 മേയ് 31-ന് നാരായണൻ നമ്പൂതിരി വിരമിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
6 വർഷക്കാലം പാരലൽ കോളേജുകളിൽ ജോലിചെയ്തു. തുടർന്ന് ഫിസിക്സ് അധ്യാപകനായി കുറിച്ചിത്താനം ശ്രീകൃഷ്ണാ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഔദ്യോഗിക ജീവിതം..
2008-ൽ മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായി വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ ജില്ലാതല അംഗീകാരം. തുടർന്ന് എൻ.എസ്.എസ്. ജില്ലാ കോ-ഓർഡിനേറ്ററുടെ ചുമതല ലഭിച്ചു.
പ്രകൃതി സംരക്ഷണം, ഔഷധതോട്ട നിർമ്മാണം, കൃഷി പ്രോത്സാഹനം തുടങ്ങിയവ നടപ്പാക്കി. 2010 മുതൽ 2017 വരെ വൊക്കേഷണൽ ഹയർ സെക്കൻഡറിയുടെ എൻ.എസ്.എസ്. സംസ്ഥാന റിസോഴ്സ് പേഴ്സണായിരുന്നു.
മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ ഓർമ്മയ്ക്കായി ഇക്കാലയളവിൽ ആയിരം അഗ്നിച്ചിറകുകൾ എന്ന പേരിൽ നൂറുദിവസംകൊണ്ട് ആയിരം കുടുംബ ഗ്രന്ഥശാലകൾക്ക് രൂപംനൽകി. അതിനുള്ള സന്ദേശഗാനവും രചിച്ചു. ഇതിനുള്ള അംഗീകാരമായി എൻ.എസ്.എസ്. സന്നദ്ധസേവകർക്കൊപ്പം രാഷ്ട്രപതി ഭവനിൽ പോയി പ്രണബ് മുഖർജിയെ സന്ദർശിക്കാൻ അവസരം ലഭിച്ചു.
എൻ.എസ്.എസ്. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിന് ഇന്ദിരാഗാന്ധി ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ അത് ഏറ്റുവാങ്ങാനുള്ള സംഘത്തിലും അംഗമായിരുന്നു.
2012-ൽ കേരള നിയമസഭയിൽ ‘നല്ലനാട് ~ നല്ലവെള്ളം’ പദ്ധതിയുടെ സന്ദേശഗാനം രചിച്ച് ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. 2021-ലാണ് സ്കൂൾ പ്രിൻസിപ്പലായത്.
കുറവിലങ്ങാട് പൊതിയിൽ മനയിൽ പരമേശ്വരൻ നമ്പൂതിരിയുടെയും ഉണ്ണിമാ അന്തർജനത്തിന്റെയും മകനാണ്. ഭാര്യ: മായ. മക്കൾ: ഡോ. തുഷാര, ഹരിത (എം.എസ്സി. സൈക്കോളജി, തമിഴ്നാട് സെൻട്രൽ സർവകലാശാല വിദ്യാർത്ഥിനി), ഹർഷ (കുറവിലങ്ങാട് സെയ്ന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനി).
മരുമകൻ : ഗോകുൽ (കാനഡ)