വൈക്കം: ജപ്തി നടപടിയുടെ ഭാഗമായി ബാങ്ക് അധികൃതർ വീട്ടിലെത്തി പോയതിന് പിന്നാലെ മനോവിഷമത്തിൽ ഗൃഹനാഥൻ ജീവനൊടുക്കി. വൈക്കം നഗരസഭ ആറാം വാർഡിൽ കാരെപ്പറമ്പിൽ ഗോപാലകൃഷ്ണൻ ചെട്ടിയാർ (77) നെയാണ് ചൊവ്വാഴ്ച പുലർച്ചെ 4 മണിയോടെ വീടിന് പുറക് വശത്തുള്ള സഹോദരൻ്റെ പുരയിടത്തിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഫെഡറൽ ബാങ്ക് വൈക്കം ശാഖയിൽ നിന്നും വീട് പണിക്കായി 2018ൽ 10 ലക്ഷം രൂപ വായ്പ എടുത്തിരുന്നു.
വായ്പ തുക തിരിച്ചടവ് മുടങ്ങി കുടിശിഖ ആയതിനെ തുടർന്ന് ബാങ്ക് അധികൃതർ ജപ്തി നടപടികളുടെ ഭാഗമായി തിങ്കളാഴ്ച വീട്ടിൽ എത്തുകയും നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഇയാളുടെ മകൻ രാജേഷ് ബാങ്കിൽ എത്തി അന്വോഷിച്ചെങ്കിലും കോട്ടയത്തുള്ള ഹെഡ് ഓഫീസിൽ ബന്ധപ്പെടാൻ ബാങ്ക് അധികൃതർ പറഞ്ഞതിനെ തുടർന്ന് ചൊവ്വാഴ്ച പോകാൻ ഇരിക്കുന്നതിനിടെയാണ് ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.