നിങ്ങൾ ടോയ്ലറ്റിൽ സ്മാർട്ട്ഫോൺ കൂടെ കൂട്ടാറുണ്ടോ ! ഡിജിറ്റല്‍ യുഗത്തിലെ കൊതുകാണത് ; പിന്നാലെയെത്തുന്നത് മാരക രോഗങ്ങൾ ; ജാഗ്രത വേണം

ന്യൂസ് ഡെസ്ക് : കോവിഡ് നിരവധി പേരെ പുതിയ ശുചിത്വ ശീലങ്ങളിലേക്ക് വഴി നടത്തി. ഇന്ന് മിക്കവരും ദിവസത്തില്‍ പല തവണ സാനിറ്റൈസറുകള്‍ ഉപയോഗിച്ച്‌ കൈകള്‍ ശുദ്ധിയാക്കാറുണ്ട്.എന്നാല്‍ ഇങ്ങനെയൊക്കെ കൈകള്‍ ശുചിയാക്കുന്നവരും അ‌തിന് മിനക്കെടാത്തവരും ഒരുപോലെ ദശലക്ഷക്കണക്കിന് ബാക്ടീരിയകളെ ദിവസവും കൈകളില്‍ വഹിക്കുന്നുണ്ട് എന്നതാണ് ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തല്‍.

Advertisements

മനുഷ്യന്റെ കൈകളല്ല, മറിച്ച്‌ കൈയിലിരിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ആണ് ഈ ദശലക്ഷക്കണക്കിന് ബാക്ടീരികളുടെ താവളം. അ‌ശ്രദ്ധമായ കൈകാര്യം ചെയ്യല്‍ സ്മാര്‍ട്ട്ഫോണുകളെ ബാക്ടീരികളുടെ ഫാക്ടറിയാക്കി മാറ്റുന്നു എന്നാണ് പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. മനുഷ്യൻ കൊണ്ടുനടക്കുന്ന ഏറ്റവും വൃത്തിഹീനമായ വസ്തു സ്മാര്‍ട്ട്ഫോണ്‍ ആണ് എന്നാണ് ചില ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.പലരും ടോയ്ലറ്റില്‍ പോകുമ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ കൂടെ കൂട്ടാറുണ്ട്. പുതിയ തലമുറയിലെ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ ആണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. ടോയ്ലറ്റിലെ സീറ്റില്‍ ഇരുന്നുകൊണ്ട് മിനിറ്റുകളും മണിക്കൂറുകളും സ്മാര്‍ട്ട്ഫോണില്‍ ചെലവഴിക്കുന്നു. ഇത്തരത്തിലുള്ള ഉപയോഗം ബാക്ടീരികളുടെ കൂടാരമാക്കി സ്മാര്‍ട്ട്ഫോണിനെ മാറ്റുന്നു എന്നാണ് കണ്ടെത്തല്‍. ഒരു ടോയ്ലറ്റ് സീറ്റ് കവറില്‍ ഉള്ളതിനെക്കാള്‍ ബാക്ടീരിയകള്‍ ഇത്തരം ആളുകളുടെ ഫോണില്‍ ഉണ്ടാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നോര്‍ഡ് വിപിഎൻ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്, പത്തില്‍ ആറുപേരും ടോയ്ലറ്റില്‍ പോകുമ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ കൊണ്ടുപോകുന്നു എന്നാണ്. പഠനത്തിന്റെ ഭാഗമായി നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 61.6 ശതമാനം പേരും തങ്ങള്‍ ടോയ്‌ലറ്റ് സീറ്റിലിരുന്ന് ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കാറുണ്ടെന്ന് സമ്മതിക്കുന്നു.33.9 ശതമാനം പേര്‍ ടോയ്ലറ്റിലിരുന്ന് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച്‌ വാര്‍ത്തകളിലൂടെയും മറ്റുമാര്‍ഗങ്ങളിലൂടെയും നിലവിലെ വിവരങ്ങള്‍ അ‌റിയാൻ ശ്രമിക്കുന്നു. 24.5 ശതമാനം ആളുകള്‍ പ്രിയപ്പെട്ടവര്‍ക്ക് മെസേജ് അ‌യയ്ക്കുന്നതിനോ, അ‌വരെ കോള്‍ ചെയ്യുന്നതിനോ ടോയ്ലറ്റില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നു. അ‌മിതമായ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം ഒരു മോശം ശീലമാണെങ്കിലും സ്മാര്‍ട്ട്ഫോണ്‍ ടോയ്ലറ്റില്‍ കൊണ്ടുപോകുന്നത് അ‌തിനെക്കാള്‍ മാരകമാണ് എന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ടോയ്ലറ്റില്‍ കൂടെ കൊണ്ടുപോകുന്ന ശീലം സ്മാര്‍ട്ട്ഫോണുകളെ മാരകമായ ബാക്ടീരിയകളുടെയും രോഗാണുക്കളുടെയും പ്രജനന കേന്ദ്രങ്ങളാക്കി മാറ്റുന്നു. മിനിറ്റുകളും മണിക്കൂറുകളും നീളുന്ന ഇരുപ്പിനിടെ ഫോണില്‍ ബാക്ടീരികള്‍ കയറിക്കൂടുന്നു. പിന്നീട് ഈ സ്മാര്‍ട്ട്ഫോണുകള്‍ തന്നെ ദിവസം മുഴുവൻ നാം ഉപയോഗിക്കുന്നതിലൂടെ അ‌വ നമ്മുടെ ശരീരത്തിലേക്കും കടക്കുന്നു എന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

രോഗാണുക്കള്‍ക്ക് മൊബൈല്‍ സ്ക്രീനുകളില്‍ 28 ദിവസം വരെ ജീവിക്കാൻ കഴിയുമെന്ന് അണുബാധ നിയന്ത്രണ വിദഗ്ധൻ ഡോ ഹ്യൂ ഹെയ്ഡൻ പറയുന്നു. “സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് ടോയ്‌ലറ്റ് സീറ്റുകളേക്കാള്‍ പത്തിരട്ടി വരെ അണുക്കളെ വഹിക്കാൻ കഴിയുമെന്നത് തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ് എന്നും അ‌ദ്ദേഹം പറഞ്ഞു.

സൂക്ഷ്മമായി പരിശോധിച്ചാല്‍ പകര്‍ച്ചവ്യാധിയുടെ വാഹകരാണ് സ്മാര്‍ട്ട്ഫോണുകള്‍, അ‌തിനാല്‍ത്തന്നെ തങ്ങളുടെ കാഴ്ചപ്പാടില്‍ ‘ഡിജിറ്റല്‍ യുഗത്തിലെ കൊതുക്’ എന്നാണ് ടച്ച്‌ സ്ക്രീനുകള്‍ വിശേഷിപ്പിക്കപ്പെടുന്നതെന്നും അ‌ദ്ദേഹം പറയുന്നു. നമ്മള്‍ ഒരു പ്രതലത്തില്‍ തൊട്ട ശേഷം സ്ക്രീനിലേക്കും തൊടുമ്ബോള്‍ ക്രോസ് മലിനീകരണത്തിന് സാധ്യതയുണ്ടെന്നും ഫോണ്‍ തന്നെ അണുബാധയുടെ ഉറവിടമായി മാറുന്നുവെന്നും ഹ്യൂ ഹെയ്ഡൻ പറയുന്നു.

സ്റ്റാഫൈലോകോക്കസ് ഓറിയസ് ഉള്‍പ്പെടെയുള്ള വിവിധ ദോഷകരമായ അണുക്കള്‍ ടോയ്‌ലറ്റ് സീറ്റുകളില്‍ ഉണ്ടാകാം. ടോയ്ലറ്റില്‍ കൊണ്ടുപോയുള്ള ഉപയോഗത്തിനിടെ ഈ രോഗകാരികള്‍ സ്മാര്‍ട്ട്ഫോണില്‍ എത്തിപ്പെടും. ടോയ്ലറ്റില്‍ കൊണ്ടുപോയ ശേഷം സ്മാര്‍ട്ട്ഫോണ്‍ അ‌ണുവിമുക്തമാക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട്. കൈകള്‍ ശുചിയാക്കുന്നത്ര എളുപ്പത്തില്‍ സ്മാര്‍ട്ട്ഫോണ്‍ അ‌ണുവിമുക്തമാക്കാൻ സാധിക്കില്ല. ഒന്നും സംഭവിക്കില്ല എന്ന ആത്മവിശ്വാസം മൂലം പലരും ഇതത്ര ദോഷമുള്ള ശീലമായി കണക്കാക്കാറില്ല.എന്നാല്‍ സ്മാര്‍ട്ട്ഫോണില്‍ കയറിക്കൂടുന്ന ഈ അ‌ണുക്കള്‍ ശരീരത്തില്‍ എത്തിപ്പെട്ടാല്‍ മൂത്രനാളിയിലെ അണുബാധ, വയറുവേദന, വയറിളക്കം, അണുബാധകള്‍, ഭക്ഷ്യവിഷബാധ, ചര്‍മ്മത്തില്‍ കുരുക്കള്‍ പോലെ അ‌ണുബാധ, സൈനസൈറ്റിസ് പോലുള്ള ശ്വാസകോശ സംബന്ധമായ അണുബാധകള്‍, മറ്റ് സങ്കീര്‍ണതകള്‍ എന്നിവയ്ക്ക് കാരണമാകും എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘനേരമുള്ള ഇരുപ്പ് മറ്റ് ശാരീരിക പ്രശ്നങ്ങളും സൃഷ്ടിക്കും.

സ്മാര്‍ട്ട്ഫോണ്‍ മാത്രമല്ല, ടോയ്ലറ്റില്‍ കൊണ്ടുപോകുന്നതു കൊണ്ട് ഇയര്‍ബഡ്സുകള്‍ പോലെയുള്ള മറ്റ് ഗാഡ്ജറ്റുകളും മലിനമാകാൻ സാധ്യതയുണ്ട്. അ‌തിനാല്‍ത്തന്നെ ടോയ്ലറ്റില്‍ പോകുന്ന സമയം മറ്റ് വിനോദങ്ങള്‍ക്ക് അ‌വധികൊടുത്ത് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അ‌ല്ലെങ്കില്‍ ടോയ്ലറ്റിലേക്കുള്ള പോക്ക് ഭാവിയില്‍ ആശുപത്രിയിലേക്കുള്ള പോക്കിനും കാരണമായി മാറും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.