കോഴിക്കോട് : രോഗികള്‍ക്ക് മുന്നില്‍ ഹൗസ് സര്ജൻമാര് ഏറ്റുമുട്ടിയ സംഭവത്തില്‍ നടപടിയുണ്ടാകും. കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ഡോക്ടർമാർ തമ്മിൽ കൈയ്യേറ്റം നടന്ന സംഭവത്തിൽ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപോര്‍ട്ട് ലഭിച്ചാലുടൻ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹൗസ് സര്ജൻമാരില് നിന്ന് അന്വേഷണ സമിതി മൊഴിയെടുത്തത് കൂടാതെ ഇന്ന് ആശുപത്രി സൂപ്രണ്ട് നേരിട്ട് വിവരങ്ങള്‍ ശേഖരിക്കും.
ഹൗസ് സര്ജൻമാര് അച്ചടക്കം ലംഘിച്ചതായും ഇത് ആശുപത്രിയുടെ വിശ്വാസ്യതയെ തന്നെ ബാധിച്ചതായും അധികൃതര്‍ വിലയിരുത്തുന്നു. ബീച്ച് ആശുപത്രിയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം റിപോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു ഹൗസ് സര്ജൻമാര് രോഗികള്‍ക്കും കൂടെവന്നവര്‍ക്കും മുന്നില്‍ ഏറ്റുമുട്ടിയത്. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുള്ള ഹൗസ് സര്ജൻമാരില് ഒരാള്‍ സമയം വൈകിയെത്തിയതിനെ മറ്റെയാള്‍ ചോദ്യം ചെയ്തതാണ് വാക്ക് തര്‍ക്കത്തിന് ഇടയായത്.