രാജ്യതലസ്ഥാനത്ത്  “തീവ്രപ്രളയ മുന്നറിയിപ്പ്” : 16,000 പേരെ മാറ്റിപ്പാർപ്പിച്ചു ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ ; 60 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പിൽ യമുന നദി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത്  തീവ്രപ്രളയ മുന്നറിയിപ്പ്. 16,000 പേരെ ഇതുവരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. രാജ്ഘട്ട് മുതല്‍ സെക്രട്ടേറിയറ്റ് വരെയുളള ഭാഗങ്ങളിൽ വെളളം കയറി. വെളളക്കെട്ടുളള ഭാഗങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണെന്ന് ഡല്‍ഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി അതിഷി അറിയിച്ചു.

Advertisements

60 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് യമുനയിലെ ജലനിരപ്പ്. 208.5 മീറ്ററാണ് നിലവിലെ ജലനിരപ്പ്. രണ്ട് ദിവസത്തിനുളളിൽ 4.65 മീറ്ററായാണ് വെളളം ഉയർന്നിട്ടുളളത്. തലസ്ഥാനത്ത് പല പ്രദേശങ്ങളിലും ഗതാഗതം നിലച്ചിട്ടുണ്ട്. കശ്മീര്‍ ഗേറ്റ് മുതല്‍ യമുന പഴയ പാലം വരെയുളള റോഡില്‍ ഗതാഗതം നിലച്ചിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗീത കോളനിയില്‍ വെളളം ഉയര്‍ന്നതിനാല്‍ പ്രധാന ശ്മശാനമായ ശംശാന്‍ ഘട്ട് അടച്ചിടാന്‍ അധികൃതർ നിര്‍ദേശിച്ചു. ശാസ്ത്രി പാര്‍ക്കിന് സമീപം ഗതാഗത കുരുക്കുണ്ട്. യമുന ഖാദര്‍ റാം മന്ദിറിന് സമീപം 200ഓളം പേര്‍ കുടുങ്ങികിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഹിമാചലിലെ അണക്കെട്ടുകളിൽ നിന്നും വെള്ളം തുറന്നു വിടുന്ന തോത് കുറഞ്ഞിട്ടുണ്ട്. ഇതിനാൽ ഹരിയാനയിലെ ഹത്നികുണ്ഡിൽ നിന്നുള്ള നീരൊഴുക്ക് കുറയുന്നതോടെ യമുനയിലെ ജലനിരപ്പ് താഴുമെന്നാണ് വിലയിരുത്തൽ.

അതേസമയം ഉത്തരേന്ത്യയിൽ മഴക്കെടുതിയിൽ മരണസംഖ്യ നൂറ് കടന്നു. ഹിമാചൽപ്രദേശിൽ മാത്രം 80 പേർ മരിച്ചതായാണ് റിപ്പോർട്ട്. പഞ്ചാബിലും ഹരിയാനയിലും ശക്തമായ മഴ തുടരുകയാണ്. ഇരു സംസ്ഥാനങ്ങളിലുമായി 12ഓളം പേർക്ക് ജീവൻ നഷ്ടമായി. ഉത്തരാഖണ്ഡിൽ 18 പേർ മരിച്ചു. ഹിമാചലിൽ 50ലേറെ ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. 4,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായി.

Hot Topics

Related Articles