കോട്ടയം: കാപ്പ ചുമത്തി പൊലീസ് ജയിലിൽ അടച്ച ഗുണ്ടയ്ക്കു വേണ്ടി കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി ഗുണ്ടയുടെ സഹോദരൻ. നിരവധി ക്രിമിനൽക്കേസിൽ പ്രതിയും ജില്ലാ പൊലീസ് കാപ്പ ചുമത്തി ജയിലിൽ അടയ്ക്കുകയും ചെയ്ത ഷംനാസിന്റെ സഹോദരനാണ് കഴിഞ്ഞ ദിവസം കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ എത്തി ഡ്രൈവർമാരെ ആക്രമിക്കുമെന്നു ഭീഷണി മുഴക്കുകയായിരുന്നു. ഗുണ്ടാ സംഘത്തിനൊപ്പം എത്തിയാണ് ഇയാൾ ഭീഷണി മുഴക്കിയിരുന്നത്.
നേരത്തെ ഷംനാസ് കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരെ ആക്രമിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ഷംനാസിനെ കാപ്പ ചുമത്തി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസിൽ ഓട്ടോഡ്രൈവർമാരാണ് ഷംനാസിനെതിരെ സാക്ഷി പറഞ്ഞതെന്ന് ആരോപിച്ചാണ് ഇവരെ ഭീഷണിപ്പെടുത്താൻ ഷംനാസിന്റെ സഹോദരൻ ഗുണ്ടകളുമായി എത്തിയത്. സ്റ്റാൻഡിൽ എത്തിയ ശേഷം ഭീഷണി തുടർന്ന സംഘം ഇവരെ മാരകായുധങ്ങളുമായി വെല്ലുവിളിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു അക്രമി സംഘം സാധാരണക്കാർക്കും ഓട്ടോ ഡ്രൈവർമാർക്കും ഒരു പോലെ ഭീഷണിയാകുന്ന രീതിയിൽ അക്രമത്തിന് ആഹ്വാനം നൽകിയത്. വടിവാളും കമ്പിവടിയും അടക്കമുള്ള മാരകായുധങ്ങളുമായാണ് ഷംനാസിന്റെ സഹോദരനും സംഘവും സ്ഥലത്ത് എത്തിയത്. അസഭ്യം വിളിയോടെ അരമണിക്കൂറോളം ഇവർ പ്രദേശത്ത് ഭീകരാന്തരീഷം സൃഷ്ടിച്ചു. ഇത് കൂടാതെ പലപ്പോഴും പല ഓട്ടോ ഡ്രൈവർമാരെയും ഫോണിൽ വിളിച്ച് ഭീഷണി മുഴക്കുന്നതും പതിവാണെന്നും പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇതെല്ലാം ചൂണ്ടിക്കാട്ടി ഓട്ടോ ഡ്രൈവർമാർ ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതിയും നൽകിയിട്ടുണ്ട്.