ഉമ്മൻ ചാണ്ടി ഒപ്പിട്ട ഡയറിയും : പിണക്കം ഒഴിവാക്കാനുള്ള ബുദ്ധിയും; മലയാള മനോരമ പാമ്പാടി മുൻ ലേഖകനും ചേർപ്പുങ്കൽ മാർ സ്ളീവാ മെഡിസിറ്റി മീഡിയ അസി.മാനേജരുമായ അനീഷ് ആനിക്കാട് എഴുതുന്നു 

 

ലേഖകൻ : അനീഷ് ആനിക്കാട്, മലയാള മനോരമ പാമ്പാടി മുൻ ലേഖകൻ , മീഡിയ അസി.മാനേജർ  ചേർപ്പുങ്കൽ മാർ സ്ളീവാ മെഡിസിറ്റി 

Advertisements

ആൾക്കൂട്ടം ഒഴിഞ്ഞെങ്കിലും മനസിലെ ആരവങ്ങൾ ഒഴിയുന്നില്ല …… ആർക്കും ഉമ്മൻ ചാണ്ടിയെ കൊണ്ട് ഒപ്പ് ഇടീക്കാൻ എളുപ്പമാണെന്ന് പറയും… പക്ഷേ ഒരിക്കൽ മാത്രം ആ കയ്യൊപ്പ് ഒന്നു കിട്ടാൻ എനിക്ക് ഒത്തിരി ഓടേണ്ടി വന്നു. അക്കഥ ഇങ്ങനെ ……


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2020 സെപ്റ്റംബർ 17. ഉമ്മൻ ചാണ്ടി നിയമസഭയിൽ 50 വർഷം തികക്കുന്ന ദിനം. ഒരു മാസം മുൻപേ എല്ലാ പത്രങ്ങളും കുഞ്ഞൂഞ്ഞ് കഥകളുടെ ആഘോഷങ്ങൾ തുടങ്ങി … ഉമ്മൻ ചാണ്ടി നിർമിച്ച പാലങ്ങൾ, ഇത്തിരിക്കുഞ്ഞൻ ബൈപാസുകൾ, താലൂക്ക് അല്ലാത്ത പാമ്പാടിയിൽ താലൂക്ക് ആശുപത്രി കൊണ്ട് വന്നത്, ആർ ഐ ടി എൻജിനീയറിങ് കോളജ് നിർമിച്ച് സോണിയ ഗാന്ധിയെ കൊണ്ടു വരാനുള്ള വാശിയിൽ 25 വർഷം ഉദ്ഘാടനം വൈകിപ്പിച്ചത് , പ്രമുഖ നേതാക്കളായ ഇന്ദിര ഗാന്ധി,രാജീവ് ഗാന്ധി, കെ.ആർ. നാരായണൻ , ശ്രീനിവാസ രാമാനുജൻ തുടങ്ങി വിവിധ ആളുകളുടെ പേരിൽ മണ്ഡലത്തിൽ സ്ഥാപനങ്ങൾ എത്തിച്ചത് , ഗൺമാൻമാരുടെ അനുഭവങ്ങൾ എന്നു തുടങ്ങി ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള സകലമാന കഥകളും ആ ദിനങ്ങളിൽ പത്രങ്ങളിൽ വന്നു…

 അങ്ങനെയിരിക്കെ സെപ്റ്റംബർ 15 ന് രാവിലെ ഓഫിസിൽ നിന്നു ചീഫ് ന്യൂസ് എഡിറ്റർ വിനോദ് സാറിന്റെ വക ഒരു ടാസ്ക് എത്തി. ഉമ്മൻ ചാണ്ടിയുടെ ഒരു ആശംസയും കയ്യൊപ്പും  വാങ്ങണം. നാളെ ( തീയതി- 16 ) നൽകാനാണ് … ഓ .. എത്ര നിസാരം എന്ന ഭാവത്തിൽ പതിവു പോലെ റെഡി സാർ എന്നു ഞാൻ മറുപടി നൽകി…. ഉമ്മൻ ചാണ്ടി അന്നു മണ്ഡലത്തിൽ വിവിധ പരിപാടികളുടെ ഉദ്ഘാടനം ഏറ്റ ദിനമാണ് … കനത്ത മഴയും…. രാവിലെ തന്നെ വിവരം ഉമ്മൻ ചാണ്ടിയെ ധരിപ്പിച്ചു…. പുതുപ്പള്ളിയിൽ ഉണ്ടെന്നു മറുപടി കിട്ടി…. കയ്യിലുണ്ടായിരുന്ന ഡയറിയുമായി ഒപ്പിടീക്കാൻ മഴ വക വെയ്ക്കാതെ പുതുപ്പളളിയിലെത്തി …. 

അടുത്ത് എത്തി വിവരം ഒന്നു കൂടി പറഞ്ഞു … ഡയറി നീട്ടിയെങ്കിലും അത് വാങ്ങാതെ ഒരു ചിരി മാത്രം … പതിവു പോലെ അടുത്ത ആളിലേക്ക് … പിന്നെ അടുത്ത സ്ഥലത്തേക്ക് ഒറ്റ പാച്ചിലും … പുറകെ ഞാനും കുതിച്ചു… തലപ്പാടി ഭാഗത്താണ് അടുത്ത പരിപാടി … വീണ്ടും ഞാൻ മുൻപിൽ ചെന്നു… പതിവു പോലെ ചിരിച്ചു വീണ്ടും മുങ്ങി കാറിലേക്ക് കയറി … എന്നെ അരികിലേക്ക് വിളിച്ച ശേഷം പറഞ്ഞു … ആ കെ.സി.ജോസഫിനെയോ (മുൻ മന്ത്രി ) ജോഷി ഫിലിപ്പിനെയോ (അന്നത്തെ ഡിസിസി പ്രസിഡന്റ്) വിളിക്ക് … സത്യത്തിൽ ഞാൻ അമ്പരന്നു പോയി … സാറിന്റെ ഒപ്പിന് ഞാൻ എന്തിനാ അവരെ വിളിക്കുന്നത് … ഇതിനിടെ കാർ വീണ്ടും പാഞ്ഞു…. 

ഏതായാലും  രണ്ട് പേരെയും ഞാൻ വിളിച്ചു….അപ്പഴാണ് കാര്യം പിടി കിട്ടിയത് … എനിക്ക് മാത്രമായി ഒപ്പിട്ടു നേരത്തെ ആശംസ തന്നാൽ മറ്റ് പത്രക്കാർ പിണങ്ങുമോ എന്ന് ഉമ്മൻ ചാണ്ടി ചിന്തിച്ചു… കാറിൽ ഇരുന്നു ഞാൻ പുറകെ വരുന്ന കാര്യം ഇതിനോടകം ഉമ്മൻ ചാണ്ടി അവരെ ധരിപ്പിച്ചിരുന്നു …… പക്ഷേ എനിക്ക് വാശിയായി …. മണർകാട് ഒരു കുന്നിൻ പുറത്തെ കുടിവെള്ള പദ്ധതി ഉദ്ഘാടനമാണ് അടുത്ത ഉദ്ഘാടന സ്ഥലം … ഞാൻ അവിടേക്ക് വീണ്ടും പാഞ്ഞു…. കിതച്ചു കുന്നിൻ മുകളിൽ ചെന്നപ്പോൾ ഉദ്ഘാടനം കഴിഞ്ഞു ഉമ്മൻ ചാണ്ടി തിരിച്ചു നടന്നിറങ്ങി വരുന്നു …. കണ്ടതോടെ വീണ്ടും നിഗൂഡ ചിരി ….. കെ.സി. പറഞ്ഞില്ലേ എന്നൊരു ചോദ്യം …. ആരു പറഞ്ഞാലും ശരി ഈ ഡയറിയിൽ ഒപ്പിടാതെ വിടില്ലെന്നു ഞാനും …. 

ഒരു നിമിഷം ആലോചിച ശേഷം ഒടുവിൽ എന്റെ കയ്യിൽ നിന്നു ഡയറി വാങ്ങി….എനിക്ക് ആശ്വാസത്തിന്റെ നിമിഷങ്ങൾ … 16- തീയതിയിലെ ഡയറി പേജ് നീട്ടി നിന്ന എന്റെ ഡയറി വാങ്ങിയ ശേഷം ഒരു താൾ കൂടി അദ്ദേഹം മറിച്ചു…. അവിടെ പതിവ് രീതിയിൽ ആശംസ എഴുതിയ ശേഷം ഒപ്പിട്ടു. പിന്നെയായിരുന്നു യഥാർഥ ഉമ്മൻ ചാണ്ടി മാജിക്ക് … ഒപ്പിന്റെ അടിയിൽ തീയതി 17/ 9/2020…. അവിടെ നിന്നവരെല്ലാം കൂട്ടച്ചിരി …. ആ ഒപ്പിട്ട കൈപ്പട 17 ന് മാത്രമെ പ്രസിദ്ധികരിക്കാൻ സാധിക്കുകയുള്ളു …. 16 ന് പ്രസിദ്ധീകരിക്കാനുള്ള ഞങ്ങളുടെ തന്ത്രം പൊളിഞ്ഞു. ഡയറിയും പേനയും എനിക്ക് മടക്കി തന്നു … തോളിൽ ഒരു തട്ടും തട്ടി അദ്ദേഹം മടങ്ങി. ഒരു നിസാര കാര്യത്തിനു പോലും ഇത്ര ശ്രദ്ധ ചെലുത്തുന്ന ഉമ്മൻ ചാണ്ടി എന്ന മഹാ മനുഷ്യന്റെ രാഷ്ട്രീയ ബുദ്ധിക്കു മുന്നിൽ ഞാൻ നമിച്ചു പോയി …..!

ആ ഒപ്പും ആശംസയും എന്നും ഓർമകളായി എന്റെ ഡയറിയിൽ കിടക്കട്ടെ !

Hot Topics

Related Articles