പത്തനംതിട്ട: ഡ്യൂട്ടി സമയത്തിനിടെ പാചക പരീക്ഷണം നടത്തിയതിന് കേരളാ പോലീസിന് നോട്ടീസ്. പത്തനംതിട്ട ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. ഡ്യൂട്ടി സമയത്ത് കപ്പയും ചിക്കനും തയ്യാറാക്കി ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു സംഭവം. ഭക്ഷണം പാചകം ചെയ്ത പോലീസുകാരോട് വിശദീകരണം തേടി ദക്ഷിണ മേഖലാ ഐജിയാണ് നോട്ടീസ് അയച്ചത്.
ഡ്യൂട്ടി സമയത്ത് പാചകം ചെയ്തതിലും സമൂഹ മാദ്ധ്യമങ്ങളില്‍ വിഡീയോ പ്രചരിപ്പിച്ചതിനുമാണ് ദക്ഷിണ മേഖല ഐജി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. കപ്പയും ചിക്കൻ കറിയും എങ്ങനെ തയ്യാറാക്കി കഴിക്കാം എന്നുളള കേരളാ പോലീസിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് നിരവധി പേരാണ് വീഡിയോയിലെ പോലീസുകാരെ അഭിനന്ദിച്ചും വിമര്‍ശിച്ചും പ്രതികരിച്ച് രംഗത്തെത്തിയത്. വീഡിയോ ഏറെ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ നടപടി.