കോട്ടയം: കൊവിഡ് ലോക്ക് ഡൗൺ സമയത്ത് 120 ലിറ്റർ കോടയും അര ലിറ്റർ ചാരായവമായി എക്സൈസ് സംഘം പിടികൂടിയ പ്രതിയെ കോടതി വിട്ടയച്ചു. കോട്ടയം തിരുവാർപ്പ് സ്വദേശിയായ ജോസ് (മോനായി)യെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി സിന്ധു തങ്കം വിട്ടയച്ചത്. കൊവിഡ് ലോക്ക് ഡൗൺ സമയത്ത് ജില്ലയിൽ ഏറ്റവും കൂടുതൽ കോട പിടികൂടിയ കേസിലാണ് ഇപ്പോൾ കോടതി നടപടിയുണ്ടായത്.
2020 ഏപ്രിൽ 11 നായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവാർപ്പിൽ നിന്നും 120 ലിറ്റർ കോടയും ഒന്നര ലിറ്റർ ചാരായവുമണ് പിടിച്ചെടുത്തത്. അബ്കാരി ആക്ടിലെ എട്ട് (1) ജി, 55 ജി എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു എക്സൈസ് കേസെടുത്തിരുന്നത്. കേസിൽ എട്ടു സാക്ഷികളെയും, 12 രേഖകളും, നാല് എംഒകളും കോടതിയിൽ എക്സൈസ് സംഘം ഹാജരാക്കി. അഡ്വ.വിവേക് മാത്യു വർക്കിയാണ് കോടതിയിൽ ഹാജരായത്. തെളിവുകളിലെ പോരായ്മ കണ്ടെത്തിയാണ് കോടതി പ്രതിയെ വിട്ടയച്ചത്. പ്രതിയ്ക്കെതിരെ രണ്ട് കേസുകൾ കൂടി നിലവിലുണ്ട്.