കൊല്ലം : സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരായ എന്‍എസ്എസ് പ്രതിഷേധത്തിനിടെ, നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കരയോഗം പ്രസിഡന്റ് അഞ്ചല്‍ ജോബ്. ഷംസീര്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് അഞ്ചല്‍ ജോബ് ചോദിച്ചു. സമുദായവും രാഷ്ട്രീയവും വേറെ വേറെയാണ്. സമുദായത്തിലെ പാവങ്ങളെ ആദ്യം രക്ഷപ്പെടുത്തണം. ഇപ്പോഴിരിക്കുന്ന നേതൃത്വത്തെ അവജ്ഞയോടെയാണ് നായന്മാര് കാണുന്നത്. നേതൃത്വം തിരുത്തണമെന്നും അഞ്ചല്‍ ജോബ് ആവശ്യപ്പെട്ടു.
കൊല്ലം ഇടമുളക്കല്‍ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പര്‍ കരയോഗത്തിന്റെ പ്രസിഡന്റാണ് അഞ്ചല്‍ ജോബ്. എന്‍എസ്എസ് പ്രതിഷേധം നടത്തുന്നതിനിടെ ഷംസീറിന്റെ പേരില്‍ അഞ്ചല്‍ ജോബ് ശത്രുസംഹാര പൂജ നടത്തുകയും ചെയ്തു. ഇടമുളക്കല്‍ മണികണ്ഠേശവ മഹാദേവ ക്ഷേത്രത്തിലാണ് പൂജ നടത്തിയത്.
അതേസമയം, എഎന്‍ ഷംസീറിനെതിരെ കടുത്ത വിമര്‍ശനവുമായി ആഞ്ഞടിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്തെത്തി. സ്പീക്കറിന്റേത് ചങ്കില് തറച്ച പ്രസ്താവനയാണെന്ന് തുറന്നടിച്ച സുകുമാരന്‍ നായര്‍, വിശ്വാസ സംരക്ഷണത്തില്‍ ആര്‍എസ്എസിനും ബിജെപിക്കും ഒപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കി.