കോട്ടയം : ചിത്രകാരനും കലാദ്ധ്യാപകനും ലളിതകലാ അക്കാദമി പുരസ്കാര ജേതാവുമായ ആർട്ടിസ്റ്റ് പി സി മാമ്മൻറെ എൺപതാം പിറന്നാൾ, ആർട്ടിസ്റ്റ്പുളിന്തറക്കുന്നേൽചാണ്ടിമാമ്മൻ@80, അദ്ദേഹത്തിന്റെ ജന്മദിനമായ 2023 ആഗസ്റ്റ് പതിമൂന്നാം തീയതി ഞായർ കോട്ടയം സി എം എസ് കോളേജിൽ വരയാദരം, സംഗീതസായാഹ്നം, അനുമോദന സമ്മേളനം, ഡയറക്ടറി പ്രകാശനം, ഹൃസ്വചിത്ര സ്വിച്ച് ഓൺ, സ്നേഹവിരുന്ന് അടക്കം വിവിധ സാസ്‌ക്കാരിക പരിപാടികളോടെ കോട്ടയം പൗരാവലി ആഘോഷിക്കുന്നു.
അശീതി ആഘോഷങ്ങൾ കോളേജ് ഗ്രേറ്റ്ഹാളിൽ വെകുന്നേരം 5 നു ബഹു സഹകരണ-റജിസ്ട്രേഷൻ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ബഹു ഗവൺമെന്റ് ചീഫ് വിപ്പ് എൻ ജയരാജ് പൊന്നാട അണിയിക്കും. ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഡോ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തും.കോട്ടയം പൗരാവലിയുടെ മൊമെന്റോ വിശിഷ്ട വ്യക്തികൾ ചേർന്ന് സമർപ്പിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചലച്ചിത്രകാരൻ സണ്ണി ജോസഫിന്റെ സംവിധാന മേൽനോട്ടത്തിൽ ചങ്ങനാശ്ശേരി സെൻറ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ മീഡിയ വില്ലേജ് തയ്യാറാക്കുന്ന ഹൃസ്വചിത്രത്തിൻറെ സ്വിച്ച് ഓൺ കർമ്മം ഫാ ഡോ കെ എം ജോർജും അശീതി സ്മാരക ഡയറക്ടറിയുടെ പ്രകാശനം സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ മ്യൂസ് മേരി ജോർജും നിർവഹിക്കും.
ഉച്ചയ്ക്ക് 2 നു കലാകാരന്മാരും ചിത്രകാരന്മാരും ശിഷ്യരും സി എം എസ് കോളേജ് ക്യാമ്പസിൽ ഒത്തുചേരുന്ന വരയാദരം ചലച്ചിത്രകാരൻ ജോഷി മാത്യു ഉദ്ഘാടനം ചെയ്യും. സ്നേഹവിരുനിനെ തുടർന്നു വൈകുന്നേരം 4 നു സന്തൂർവാദകൻ കെ ജെ പോൾസണും തെക്കേ ഇന്ത്യയിലെ ആദ്യ തബലവാദക രത്നശ്രീ അയ്യരും ചേർന്ന സംഗീത സായാഹ്‌നം നടക്കും.
ആറു പതിറ്റാണ്ടിലേറെയായി എണ്ണമറ്റ ഛായാചിത്രങ്ങളിലൂടെയും അനവധി ക്രിയേറ്റീവ് പെയിന്റിംഗുകളിലൂടെയും തിരുവല്ല പുലാത്തിൻ അരമനയിലെ ചുവർചിത്രങ്ങളിലൂടെയും ശ്രദ്ധേയനായിരുന്ന ആർട്ടിസ്റ്റ് പി സി മാമ്മൻ കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി ആയിരക്കണക്കായ വിദ്യാർത്ഥികളെ പരിശീലിപ്പിച്ച കലാദ്ധ്യാപകനുമാണ്. 1943 ൽ കോട്ടയം പുതുപ്പള്ളിയിൽ ജനനം. ന്യൂയോർക്കിൽ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ ‘വർഷിപ്പ്’, ‘ആഗണി ഓഫ് ക്രൈസ്റ്റ്’, വത്തിക്കാനിൽ ‘പേട്രൺ ഓഫ് വർക്കേഴ്സ്’ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.1968 മുതൽ ഒരു പതിറ്റാണ്ടോളം മാരാമൺ കൺവെൻഷൻ മണൽപ്പുറത്തും 2003ല്‍ ഷാർജയിലും (ദൃശ്യ എക്സിബിഷൻ) 2007ലും 2012ലും 2017ലും മെൽബണിലും ഏകാംഗ ചിത്രപ്രദർശനങ്ങൾ നടത്തി. മികച്ച ചിത്രകാരനുള്ള കേരള ലളിതകലാ അക്കാദമി പുരസ്കാരം, ജൂനിയർ ചേംബർ ഇൻറർനാഷണലിന്റെ ജനസേവക് പുരസ്കാരം (2014) ഇവ കരസ്ഥമാക്കി. എൺപതാം വയസ്സിലും മുടങ്ങാതെ ചിത്രരചന നടത്തുകയും പുതുപ്പള്ളിയിലെ ആൽഫാ സ്കൂൾ ഓഫ് ഡിസൈനിൽ പുതുതലമുറക്കായി കാൽനൂറ്റാണ്ടുമുമ്പ് ആരംഭിച്ച കലാപരിശീലനം തുടരുകയും ചെയ്യുന്നു.
ഭാര്യ : ബേബിക്കുട്ടി
മക്കൾ : ബിജുന, അലക്സ്, അരുൺ
മരുമക്കൾ : റോബിൻ, സുനിജി, ആശ
കൊച്ചുമക്കൾ : രവീണ, റിതിൻ, റയൺ, കെയ് ലബ്, റൊസൈൻ, റെയ്നോഡ്
(അനേഷണങ്ങൾ: 9447912448, 9447703408