കോട്ടയം : കോട്ടയം കുമാരനെല്ലൂരിൽ വേണാട് എക്സ്പ്രസിന് നേരെ കല്ലേറ്. രാവിലെ 9 മണിയോടുകൂടിയാണ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്. ആക്രമണത്തിൽ ട്രെയിനിന്റെ എസി കമ്പാർട്ട്മെന്റിന്റെ ജനൽ ചില്ല് തകർന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോട്ടയത്തുനിന്നും എറണാകുളത്തിന് പോകുകയായിരുന്നു വേണാട് എക്സ്പ്രസ്സിന്റെ എസി കോച്ചിന് നേരെയാണ് കുമാരനെല്ലൂർ റെയിൽവേ സ്റ്റേഷൻ സമീപത്തു നിന്നും കല്ലേറുണ്ടായത്. ട്രെയിൻ വേഗം കുറച്ചു കടന്നു പോകുന്നതിനിടെ അക്രമി കല്ലെറിയുകയായിരുന്നു എന്നാണ് വിവരം. കല്ലേറിൽ യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. എസി കമ്പാർട്ട്മെന്റിന് നേരെ കല്ലേറ് ഉണ്ടായതിനാൽ ട്രെയിൻ അല്പനേരം നിർത്തിയിടുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത റെയിൽവേ പോലീസും റെയിൽവേ സംരക്ഷണ സേനയും ഗാന്ധിനഗർ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.