കൊച്ചി, 12 ഓഗസ്റ്റ് 2023: ലോകത്തെ ഏറ്റവും മനോഹരവും വൈകാരികവുമായ ബന്ധമാണ് മാതാവും കുഞ്ഞും തമ്മിലുള്ളത്. ഉദരത്തിൽ ജീവന്റെ തുടിപ്പ് അറിയുന്ന നിമിഷം മുതൽ കുഞ്ഞിന്റെ വരവിനായി അവൾ പ്രതീക്ഷയോടെ കാത്തിരിക്കും. കുഞ്ഞുടുപ്പും കുഞ്ഞിത്തൊപ്പിയുമെല്ലാം ഒരുക്കി വെക്കും. ഒടുവിൽ തന്റെ കുഞ്ഞ് ജനിച്ച സന്തോഷത്തിനിടെയാണ് കുട്ടിക്ക് അൽപ്പായുസേ ഉള്ളൂ എന്ന് മനസിലാക്കുന്നതെങ്കിലോ? കുഞ്ഞിന് വേണ്ടി തന്റെ ജീവൻ പണയം വെക്കാനും അവൾക്ക് മടിയുണ്ടാകില്ല.
അത്തരത്തിൽ ഒരു മാതാവിന്റെ കഥക്കാണ് കൊച്ചി ആസ്റ്റർ മെഡ്സിറ്റി സാക്ഷ്യം വഹിച്ചത്. സ്വന്തം കുഞ്ഞിന് വേണ്ടി കരൾ പകുത്ത് നൽകാൻ ഒരു നിമിഷം പോലും അമാന്തിക്കാതിരുന്ന ഒരു മാതാവിന്റെ കഥ. ഡോക്ടർ കൂടിയായ ഷാദിയയാണ് ബൈലറി അട്രേഷ്യ എന്ന രോഗം ബാധിച്ച മകൾ എയ്ൻ അമാനിക്ക് കരൾ നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലപ്പുറം സ്വദേശികളായ ഷാദിയയും എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയറായ ഭർത്താവ് മുഹമ്മദ് ഷെറിനും വർഷങ്ങളായി അബൂദാബിയിലാണ് താമസിക്കുന്നത്. ഇരുവരുടെയും ജീവിതത്തിലെ വെളിച്ചമായിട്ടായിരുന്നു കുഞ്ഞായ എയ്ൻ അമാനിയുടെ ജനനം. ദമ്പതികളുടെ രണ്ടാമത്തെ മകളായിരുന്ന അമാനി ജന്മനാ തന്നെ കരളിനെ ബാധിക്കുന്ന ബൈലറി അട്രേഷ്യ എന്ന രോഗബാധിതയായിരുന്നു. നവജാത ശിശുക്കളുടെ കരളിനെയും പിത്ത നാളിയെയും ബാധിക്കുന്ന രോഗം എത്രയും വേഗം ചികിത്സിച്ചില്ലെങ്കിൽ ജീവന് തന്നെ ഭീഷണിയാകും. ഒരു വേള ആ കുടുംബത്തിന്റെ സന്തോഷം തല്ലിക്കെടുത്തുന്ന വാർത്തയായിരുന്നു ഇത്. തുടർന്ന് അബുദാബിയിൽ അടിയന്തിര ചികിത്സകൾ നൽകിയെങ്കിലും ഫലം കണ്ടില്ല.
എല്ലാവരും പകച്ചു നിന്ന ആ നിമിഷം നിശ്ചയദാർഢ്യത്തിന്റെ പ്രതിരൂപമായ ഒരു മാതാവായി മാറുകയായിരുന്നു ഷാദിയ. വിഷമിച്ചിരുന്നിട്ട് കാര്യമില്ലെന്ന് അറിയാമായിരുന്ന ഡോക്ടർ കൂടിയായ ഷാദിയ തന്റെ കുഞ്ഞിന് ലോകത്ത് എവിടെ കൊണ്ടുപോയിട്ടാണെങ്കിലും ഏറ്റവും മികച്ച ചികിത്സ തന്നെ നൽകുമെന്ന് ഉറപ്പിച്ചിരുന്നു.
ലോകത്തെ വിവിധ ആശുപത്രികളെ കുറിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി കണ്ണിലുടക്കിയത്. ഇവിടുത്തെ ഹെപ്പറ്റോ പാൻക്രിയാറ്റോ ബൈലേറിയ ആൻഡ് അബ്‌ഡോമിനൽ മൾട്ടി-ഓർഗൻ ട്രാൻസ്‌പ്ലാന്റിൽ പ്രതീക്ഷ അർപ്പിച്ചായിരുന്നു കൊച്ചിയിലെത്തിയത്. സീനിയർ കൺസൾട്ടന്റ് ഡോ. മാത്യു ജേക്കബിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ഏക മാർഗം കരൾ മാറ്റിവയ്ക്കൽ മാത്രമാണെന്ന് കണ്ടെത്തി. തന്റെ പൊന്നോമനക്കായി ജീവൻ കൊടുക്കാൻ പോലും തയ്യാറായിരുന്ന ഷാദിയ സ്വമേധയ കരൾ പകുത്ത് നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ട് വരികയായിരുന്നു. വിജയകരമായ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെയാണ് കരൾ എടുത്തത്. തുടർന്ന് ഓപ്പൺ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് വെച്ചുപിടിപ്പിച്ചു. മികച്ച രോഗീ പരിചരണം കൂടി ലഭിച്ചതോടെ ഇരുവരും അതിവേഗത്തിലാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
നഷ്ടപ്പെടുമെന്ന് കരുതിയിരുന്ന അമാനിയുടെ കളി ചിരികളാൽ മുഖരിതമാണ് ഇന്ന് ആ കുടുംബം. അതിന് കാരണമായതിന്റെ ചാരിതാർത്ഥ്യത്തിലാണ് ആസ്റ്റർ മെഡ്സിറ്റിയിലെ ഡോക്ടർമാരും. ഷാദിയയുടെ നിശ്ചയദാർഡ്യത്തിന് വലിയ കൈയടി നൽകേണ്ടതാണെന്നും ഒരർത്ഥത്തിൽ അമാനിയുടെ നിറഞ്ഞ ചിരിക്ക് കാരണക്കാരാകാൻ കഴിഞ്ഞതിൽ ഡോക്ടർ എന്ന നിലയിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നും ഡോ. മാത്യു ജേക്കബ് പറഞ്ഞു.
ലോകോത്തര നിലവാരത്തിലുള്ള ഏറ്റവും നൂതനമായ ചികിത്സകളും മികച്ച പരിചരണവും നൽകുന്നതിനാൽ രാജ്യാന്തര തലത്തിൽ തന്നെ പ്രശസ്തമാണ് ലോകത്തെ ഏറ്റവും മികച്ച ആശുപത്രികളുടെ പട്ടികയിൽ ഇടം നേടിയിട്ടുള്ള കൊച്ചി ആസ്റ്റർ മെഡ്സിറ്റി. വിവിധ രാജ്യങ്ങളിൽ നിന്നായി നൂറുകണക്കിന് രോഗികളാണ് വിദഗ്ദ ചികിത്സക്കായി ആസ്റ്ററിലേക്കെത്തുന്നത്.