എല്ലാവരും ഭയപ്പെടുന്ന ഒരു രോഗമായി ക്യാന്‍സര്‍ മാറിക്കഴിഞ്ഞു. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍ ക്യാന്‍സറുകളില്‍ പലതും ലക്ഷണങ്ങള്‍ വച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ്. പുരുഷന്മാരില്‍ കാണപ്പെടുന്ന ഒന്നാണ് വൃഷണത്തിലെ ക്യാൻസര്‍. വൃഷണത്തില്‍ ആരംഭിക്കുന്ന അര്‍ബുദമാണ് ടെസ്റ്റിക്യുലാര്‍ ക്യാന്‍സര്‍ അഥവാ വൃഷണത്തിലെ അര്‍ബുദം. ശ്വാസകോശം, പ്രോസ്റ്റേറ്റ്, വൻകുടല്‍ കാൻസര്‍ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുരുഷന്മാരില്‍ വൃഷണ കാൻസര്‍ സാധ്യത കുറവാണ്.
എന്നിരുന്നാലും വൃഷണത്തിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങളും തുടക്കത്തിലെ കണ്ടെത്താന്‍ പ്രയാസമാണ്. വൃഷണ ക്യാൻസറിന്റെ ആദ്യ ലക്ഷണം വൃഷണത്തിലെ മുഴകളാണ്. വൃഷണത്തില്‍ വേദനയില്ലാത്ത മുഴയോ തടിപ്പോ കാണുന്നുവെങ്കില്‍ ശ്രദ്ധിക്കുക. പുരുഷന്മാര്‍ മാസത്തില്‍ ഒരിക്കലെങ്കിലും വൃഷണങ്ങളില്‍ മുഴകള്‍ ഉണ്ടോയെന്ന് പരിശോധിക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൃഷണത്തില്‍ വേദന അനുഭവപ്പെടുന്നുവെങ്കില്‍ അതും അവഗണിക്കരുത്. വൃഷണ വേദനയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ചിലപ്പോള്‍ അതില്‍ ക്യാന്‍സറും ഉള്‍പ്പെടാം. വൃഷണങ്ങളിലെ ചെറിയ മുറിവ് പോലും വേദനാജനകമാണ്. അതിനാല്‍ ഇതും നിസാരമായി കാണരുത്.
വൃഷണസഞ്ചിക്ക് കനം കൂടുക വൃഷണത്തില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ട്, അടിവയറ്റിലുണ്ടാകുന്ന അകാരണമായ വേദന, പുറം വേദന, അടിവയറ്റില്‍ ഭാരം, ശബ്ദത്തിലെ വ്യതിയാനം, സ്തനവളര്‍ച്ച തുടങ്ങിയവയും വൃഷണ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാകാം. വൃഷണത്തിലോ വൃഷണ സഞ്ചിയിലോ അടിവയറ്റിലോ ഉണ്ടാകുന്ന വേദന ദിവസങ്ങള്‍ നീണ്ടു നിന്നാല്‍ ഉടനെ ഡോക്ടറെ കാണണം. അര്‍ബുദം പുരോഗമിക്കുന്നതോടെ പുറംവേദന, ശ്വാസംമുട്ടല്‍, നെഞ്ചുവേദന, അസഹനീയ തലവേദന, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടാം.
ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.