കോട്ടയം : പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ജയിക്ക് സി തോമസ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. സി പി എം ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്നും പ്രകടനമായി പ്രവർത്തകർക്ക് ഒപ്പം എത്തിയാണ് ജെയ്ക് പത്രിക നൽകിയത്. ആർ ഡി ഒ വിനോദ് രാജിന് മുന്നിലാണ് ഇദ്ദേഹം പത്രിക സമർപ്പിച്ചത്. ജെയ്കിന് കെട്ടിവയ്ക്കാനുള്ള തുക ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയാണ് നൽകിയത്. കെട്ടിവയ്ക്കാനുള്ള തുക സ്വീകരിച്ച ശേഷം സി പി എം ജില്ലാ കമ്മിറ്റി ഓഫിസിന് മുന്നിലെത്തിയ ജെയ്കിനെ സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഷും , എൽ ഡി എഫ് കൺവീനർ ഇ.പി ജയരാജനും മന്ത്രി വി. എൻ വാസവനും ചേർന്ന് ഷോൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് , ഇവിടെ നിന്ന് പ്രകടനമായി താലുക്ക് ഓഫിസിലെ ആർ ഡി ഒ ഓഫിസിലെത്തി പത്രിക സമർപ്പിച്ചു. സി പി എം ജില്ലാ സെക്രട്ടറി എ. വി റസൽ , സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു , കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ലോപ്പസ് മാത്യു, സി പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ രാജൻ എന്നിവരും പത്രിക സമർപ്പണത്തിന് ഒപ്പം ഉണ്ടായിരുന്നു.