കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ലിജിൻ ലാലിന് വരുമാനം ഒന്നുമില്ലെന്ന് സത്യവാങ് മൂലം. തിരഞ്ഞെടുപ്പ് നാമനിർദേശപത്രികയ്ക്ക് ഒപ്പമുള്ള സത്യവാങ് മൂലത്തിലാണ് ഇതു സംബന്ധിച്ചുള്ള വിശദീകരണം ഉള്ളത്. എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലിൻെ പക്കൽ 10000 രൂപയാണ് കയ്യിലുള്ളത്. ഭാര്യയുടെ പക്കലും 10000 രൂപയുണ്ട്. കെ.എസ്.എഫ്.ഇയുടെ ഭരണങ്ങാനം ശാഖയിൽ 4.75 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ടെന്നാണ് സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നത്.
ഭാര്യയുടെ പേരിൽ ആറുലക്ഷത്തോളം രൂപ വിലവരുന്ന മാരുതി എസ് ക്രോസ് എന്ന കാറുമുണ്ട്. ലിജിൻ ലാലിന്റെ പക്കൽ മൂന്നു പവൽ തൂക്കം വരുന്ന ഒരു മാല, അര പവൻ തൂക്കം വരുന്ന ഒരു മോതിരം എന്നിവയുണ്ട്. ഭാര്യയുടെ കൈവശം 38.64 ലക്ഷം രൂപ വിലവരുന്ന 84 പവൻ സ്വർണമുണ്ട്. സ്വർണവും നിക്ഷേപവും അടക്കം 6.59 ലക്ഷം രൂപയുടെ സ്വത്താണ് ലിജൻ ലാലിനുള്ളപ്പോൾ, 50.64 ലക്ഷം രൂപയാണ് ഭാര്യയുടെ പേരിലുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിച്ചിത്താനം വില്ലേജിൽ 12 ലക്ഷത്തോളം വിലവരുന്ന ഭൂമി ലിജിൻ ലാലിന്റെ പേരിലുണ്ട്. അമ്മയുടെ പേരിൽ കുറിച്ചിത്താനം വില്ലേജിൽ 25 ലക്ഷത്തോളം രൂപ വിലവരുന്ന വീടും സ്ഥലവും , കുറിച്ചിത്താനം വില്ലേജിൽ തന്നെ 1300 സ്‌ക്വയർഫീറ്റ് വരുന്ന കെട്ടിടത്തിന് 25 ലക്ഷത്തോളം വില വരുന്നുണ്ട്. ലിജിൻ ലാൽ പൊതുപ്രവർത്തനം തൊഴിലായി സ്വീകരിച്ചപ്പോൾ, ഭാര്യ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥയാണ്. തനിക്ക് വരുമാനം ഇല്ലെന്ന് സ്ഥാനാർത്ഥി അവകാശപ്പെടുമ്പോൾ, പങ്കാളിയ്ക്കു ശമ്പളവും അമ്മയ്ക്ക് പെൻഷനും ഉണ്ടെന്ന് സത്യവാങ് മൂലത്തിൽ വ്യക്തമാകുന്നു. ലിജിൻ ലാലിന് എതിരെ നിലവിൽ അഞ്ചു കേസുകളുണ്ടെന്നും വ്യക്തമാക്കുന്നു.