തിരുവനന്തപുരം: ഫയലുകള്‍ സമയാസമയം തീര്‍പ്പ് കല്‍പ്പിക്കാതെ അടയിരിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താൻ പ്രത്യേക ഡ്രൈവ് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. കോട്ടയത്ത് അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ ഹെഡ്മാസ്റ്ററും എ.ഇ.ഒയും പ്രതിചേര്‍ക്കപ്പെട്ട പശ്ചാത്തലത്തില്‍ മന്ത്രി വി. ശിവൻകുട്ടിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പുതിയ നടപടി. ഹെഡ്മാസ്റ്ററേയും എ.ഇ.ഒ യെയും സംഭവത്തിന് പിന്നാലെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് എന്തെങ്കിലും നടപടിക്ക് വേണ്ടി പ്രതിഫലമോ ഉപഹാരമോ നല്‍കരുതെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അങ്ങിനെ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം ബന്ധപ്പെട്ടവരെ അറിയിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ സത്വര നടപടിയുണ്ടാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വകുപ്പിന്റെ ഉത്തരവുകള്‍ ഉദ്യോഗസ്ഥര്‍ വച്ചുതാമസിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാലും ഉടൻ ബന്ധപ്പെട്ടവര്‍ക്ക് വിവരം നല്‍കണം. സെപ്റ്റംബര്‍ അവസാനത്തോടെ എ.ഇ.ഒ, ഡി.ഇ.ഒ, ആര്.ഡി.ഡി, ഡി.ഡി.ഇ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന എല്ലാ ഫയലുകളും തീര്‍പ്പാക്കാൻ നടപടി ഉണ്ടാകണമെന്നും മന്ത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഓരോ വിഭാഗത്തിലും അസാധാരണ രീതിയില്‍ ഫയലുകള്‍ തീര്‍പ്പാകാതെ കിടപ്പുണ്ടോ എന്ന സൂക്ഷ്മ പരിശോധന ഉണ്ടാകും. അങ്ങിനെ കണ്ടെത്തിയാല്‍ അതിന്റെ കാരണം തേടും. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വീഴ്ച ആണെങ്കില്‍ നടപടിയും ഉണ്ടാകും.