കോട്ടയം : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചതിച്ചിട്ടും പതിവ് തെറ്റിക്കാതെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നില നിന്നതിനാൽ കോട്ടയം വയസ്ക്കര കൊട്ടാരത്തിൽ ഉത്രാടക്കിഴി സമർപ്പിക്കുന്നതിനുള്ള ചടങ്ങിൽ പങ്കെടുക്കാൻ പറ്റാതിരുന്നതിനാലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സ്വന്തം നിലയിൽ ഉത്രാടക്കിഴി സമർപ്പിച്ചത്. കോട്ടയം എംഎൽഎയായി എത്തിയ കാലം മുതൽ ഉത്രാടക്കിഴി സമർപ്പണത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും പങ്കാളിയായിരുന്നു. എന്നാൽ ഇക്കുറി പുതുപ്പള്ളി തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ജില്ലയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ഈ സാഹചര്യത്തിൽ മന്ത്രിമാരെയും എംഎൽഎമാരെയും ഒഴിവാക്കി സർക്കാർ ഉദ്യോഗസ്ഥരാണ് ഉത്രാടക്കിഴി സമർപ്പിക്കുന്നതിനായി എത്തിയത്. ഈ സാഹചര്യത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎക്ക് ഉത്രാടക്കിഴി സമർപ്പണത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് സ്വന്തം നിലയിൽ ഓണക്കിറ്റുമായി ഇദ്ദേഹം വയസ്കര കൊട്ടാരത്തിലെത്തി സൗമ്യവതി തമ്പുരാട്ടിയെ സന്ദർശിച്ചത്.