കോട്ടയം: നീണ്ടൂരിൽ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. കുത്തേറ്റ നീണ്ടൂർ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. നീണ്ടൂർ സ്വദേശിയായ അശ്വിൻ (23) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അനന്ദു എന്ന യുവാവിന് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് ഒൻപതരയോടെ നീണ്ടൂർ ഓണംതുരുത്ത് കവലയ്ക്ക് സമീപമായിരുന്നു അക്രമ സംഭവങ്ങൾ. ഇവിടെ ലഹരി മാഫിയ സംഘങ്ങൾ നിരന്തരം തമ്പടിക്കുന്നതായി നേരത്തെ തന്നെ നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു. ഇതിനിടെ തിരുവോണ ദിവസമായ ചൊവ്വാഴ്ച പ്രദേശത്ത് യുവാക്കളുടെ സംഘങ്ങൾ തമ്പടിക്കുകയായിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് നാട്ടുകാർക്ക് ലഭിക്കുന്ന വിവരം. തുടർന്ന്, കുത്തേറ്റ് കിടന്ന രണ്ടു പേരെയും നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വച്ചാണ് അശ്വിൻ മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. സംഭവത്തിൽ ഗുണ്ടാ അക്രമി സംഘങ്ങൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.