മണർകാട്: വൃതശുദ്ധിയിൽ നോമ്പുനോറ്റെത്തിയ പതിനായിരങ്ങൾ പങ്കെടുത്ത വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്രപ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു. പെരുന്നാളിനോടനുബന്ധിച്ചു വർഷത്തിലൊരിക്കൽ മാത്രം വിശ്വാസികൾക്ക് ദർശനത്തിനായി തുറക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശിക്കുന്നതിനു നാനാജാതിമതസ്ഥരായ വിശ്വാസികൾ നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് എത്തിയിരുന്നു. രാത്രി വൈകിയും പള്ളിയിലേക്ക് ഭക്തജനപ്രവാഹമായിരുന്നു.
രാവിലെ പ്രധാന പള്ളിയിൽ നടന്ന പ്രഭാത പ്രാർത്ഥനയ്ക്കും മൂന്നിന്മേൽ കുർബാനയ്ക്കും മൈലാപ്പൂർ ഭദ്രാസന മെത്രാപോലീത്ത ഐസക്ക് മോർ ഒസ്താത്തിയോസ് പ്രധാനകാർമ്മികത്വം വഹിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് കരോട്ടെ പള്ളിയിലേക്കുള്ള പ്രദക്ഷിണവും തുടർന്ന് ആശീർവാദവും നടന്നു. ആൻഡ്രൂസ് കോർ എപ്പിസ്കോപ്പ ചിരവത്തറ, ഫാ. മാത്യു എം ബാബു വടക്കേപറമ്പിൽ, ഫാ. ലിറ്റു ജേക്കബ് തണ്ടാശേരിൽ എന്നിവർ പ്രദക്ഷിണത്തിന് നേതൃത്വം വഹിച്ചു. വൈകുന്നേരം മൂന്നിന് നേർച്ചവിളമ്പും നടന്നു. രാത്രി നടന്ന റാസയ്ക്ക് ശേഷം ആകാശ വിസ്മയവും മാർഗം കളിയും അരങ്ങേറി. 1101 പറ അരിയുടെ പാച്ചോർ നേർച്ചയാണ് തീർത്ഥാടകർക്കായി പള്ളിക്കാര്യത്തിൽ നിന്ന് ക്രമീകരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാളെ രാവിലെ 7.30 ന് മൂന്നിന്മേൽ കുർബ്ബാന അങ്കമാലി ഭദ്രാസനത്തിലെ മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മോർ അന്തീമോസ് കുർബാനയ്ക്കു പ്രധാനകാർമ്മികത്വം വഹിക്കും. ഞായറാഴ്ച രാവിലെ 7.30ന് മൂന്നിന്മേൽ കുർബ്ബാനയ്ക്ക് തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മോർ മിലിത്തിയോസും 11ന് രാവിലെ 7.30ന് മൂന്നിന്മേൽ കുർബ്ബാനയ്ക്ക് അങ്കമാലി ഭദ്രാസനം കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസും 12ന് രാവിലെ 7.30ന് മൂന്നിന്മേൽ കുർബ്ബാനയ്ക്ക് കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മോർ ഈവാനിയോസും 13ന് രാവിലെ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് ഹോണോവർ മിഷൻ മെത്രാപ്പോലീത്ത യാക്കോബ് മോർ അന്തോണിയോസും പ്രധാന കാർമ്മികത്വം വഹിക്കും. സ്ലീബാ പെരുന്നാൾ ദിനമായ 14ന് രാവിലെ 7.30ന് മൂന്നിന്മേൽ കുർബ്ബാനയ്ക്ക് കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മോർ തേവേദോസ്യോസ് മുഖ്യകാർമ്മികത്വം വഹിക്കുന്നതാണ്. വൈകിട്ട് അഞ്ചിന് സന്ധ്യാ നമസ്ക്കാരത്തിനും തുടർന്നുള്ള നടയടയ്ക്കൽ ശുശ്രൂഷയ്ക്കും കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപോലിത്ത പ്രധാനകാർമ്മികത്വം വഹിക്കും. പെരുന്നാളിനോടനുബന്ധിച്ചുള്ള ദീപാലങ്കാരങ്ങളുടെ ദൃശ്യവിരുന്നും 14 വരെയുണ്ട്.