വൈക്കം: നേരേ കടവ്-മാക്കേക്കടവ് ഫെറിയിൽ പോള പായലിൽ ജങ്കാർ കുടുങ്ങി. ജങ്കാറിലുണ്ടായിരുന്ന യാത്രക്കാരെ മൂന്നു മണിക്കൂറിനു ശേഷം മറ്റൊരു ബോട്ടെത്തിച്ചു കയറ്റിയാണ് കരയ്ക്കെത്തിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ഓടെ മാക്കേ ക്കടവിൽ നിന്ന് നേരേകടവിലേക്കു വരുമ്പോൾ നേരേ കടവ് ജെട്ടിയോടടുക്കാറായപ്പോഴാണ് കായലിൽ കനത്ത തോതിൽ വളർന്നു തിങ്ങിയ പോള പായലിൽ ജങ്കാർ കുടുങ്ങിയത്. ഇരുചക്ര വാഹനങ്ങളുമായി ജങ്കാറിൽ കയറിയവരടക്കം നിരവധി യാത്രക്കാർ ജങ്കാറിലുണ്ടായിരുന്നു.
ജങ്കാറിലെ ജീവനക്കാർ ഏറെ നേരം പരിശ്രമിച്ചിട്ടും പോളപായലിനെ മറികടന്ന് ജങ്കാർ അടുപ്പിക്കാൻ സാധിച്ചില്ല. പിന്നീട് വൈക്കത്തു നിന്ന് ഫയർഫോഴ്സെത്തി ജങ്കാറിൽ വടം കെട്ടി ഫയർഫോഴ് വാഹനത്തിൽ ബന്ധിച്ച് ജങ്കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. പായൽ ജങ്കാറിന്റെ പ്രൊപ്പല്ലറിൽ കുടുങ്ങിയതോടെ ജങ്കാറും യന്ത്രത കരാറിലായി. തുടർന്ന് ചെമ്മനാകരി – മണപ്പുറം ഫെറി സർവീസിലെ ബോട്ടെത്തിച്ചാണ് 5.30 ഓടെ യാത്രക്കാരെ കരയ്ക്കെത്തിച്ചത്.