തിരുവല്ല : പെരിങ്ങര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലുള്ള ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് തുളസിത്തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് സിബി ആചാര്യ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് കോർഡിനേറ്റർ എസ് ഷെഫീന പദ്ധതി വിശദീകരിച്ചു. മുൻ ജില്ലാവിദ്യാഭ്യാസ ഓഫീസർ പ്രസീന പി എ മുഖ്യാതിഥിയായി.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം അനു സി കെ, പഞ്ചായത്തംഗം സനിൽകുമാരി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി കെ മിനികുമാരി, സിഡിഎസ് ചെയർപേഴ്സൺ ഗീതാപ്രസാദ്, പിആർഒ സൂര്യക്ഷ്മി എന്നിവർ സംസാരിച്ചു. രണ്ടു ദിവസത്തെ ക്യാമ്പിൽ മില്ലറ്റ് വർഷവുമായി ബന്ധപ്പെട്ട കാർഷിക ക്ലാസ്, പക്ഷി നിരീക്ഷണ ശില്പശാല, യോഗ പരിശീലനം, ലിംഗനീതിയും സാമൂഹ്യ ജീവിതവും, സാന്ത്വന സ്പർശം, പരിസര ശുചീകരണം, പച്ചക്കറിത്തോട്ട നിർമ്മാണം എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പെരിങ്ങര കൃഷി ഓഫീസർ ഡോ.അഞ്ജു മറിയം ജോസഫ്, പക്ഷി നിരീക്ഷകൻ അലൻ അലക്സ്, ദീപു പ്രസാദ്, രമാദേവി എം വി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.