കോഴിക്കോട് ആസ്റ്റർ മിംസ്, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. ആമിന ബീവി
വിശേഷം ആയില്ലേ?
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ഈ ചോദ്യം കേൾക്കാത്തവർ വളരെ കുറവായിരിക്കും. ഇതോർത്തായിരിക്കും പലരും എത്രയും വേഗം കുട്ടികൾ വേണം എന്ന് തീരുമാനമെടുത്തിരുന്നത്.
25നും 30നും ഇടയിലുള്ള പ്രായമാണ് ഗർഭധാരണത്തിന് ഏറ്റവും അനുയോജ്യമെന്നാണ് കരുതുന്നത്. അതേസമയം കാലം മാറിയതോടെ ഇക്കാര്യത്തിലും വലിയ മാറ്റം വന്നിട്ടുണ്ട്. സാമ്പത്തികമായും സാമൂഹ്യമായും സ്ഥിരത നേടിയ ശേഷം മതി കുട്ടികൾ എന്ന് ചിന്തിക്കുന്നവരാണ് യുവ ദമ്പതികളിൽ വലിയൊരു വിഭാഗവും. 30 വയസ്സിന് ശേഷമുള്ള ഗർഭധാരണം പ്രത്യേകിച്ച് പ്രശ്നമൊന്നും ഉണ്ടാകുന്നില്ലെങ്കിലും ഇത്തരം സാഹചര്യങ്ങളിൽ കുറച്ചുകൂടി ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്.
• സുരക്ഷിതമായ ഗർഭധാരണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആരോഗ്യത്തിന് പ്രാധാന്യം നൽകാം: ഗർഭധാരണത്തിന് തയ്യാറെടുക്കുന്ന സ്ത്രീകൾ ഏറ്റവും പ്രാധാന്യം നൽകേണ്ടത് അവരുടെ ആരോഗ്യത്തിനാണ്. ആർത്തവ ചക്രം ശ്രദ്ധിച്ച് കൊണ്ട് ആരംഭിക്കാം. ആർത്തവം ക്രമമാണെന്നും അസഹ്യമായ വേദന, അമിത രക്തസ്രാവം തുടങ്ങിയ ബുദ്ധിമുട്ടുകളിൽ നിന്ന് മുക്തമാണെന്നും ഉറപ്പാക്കുക.
ശരീരഭാരവും ബിഎംഐയും: ഗർഭധാരണത്തിന് തയ്യാറെടുക്കുമ്പോൾ വളരെ പ്രധാനപ്പെട്ട കാര്യമാണ് ആരോഗ്യകരമായ ശരീര ഭാരം നിലനിർത്തുക എന്നത്. ഇതിനായി ബോഡി മാസ് ഇന്റക്സ് (ബി.എം.ഐ) പരിശോധിക്കാം. ഉയരത്തിന്റെയും ഭാരത്തിന്റെയും അനുപാതം അടിസ്ഥാനപ്പെടുണ് ബി.എം.ഐ കണക്കാക്കുന്നത്. 18 നും 23 നും ഇടയിലുള്ള ബി.എം.ഐ ആണ് ഏറ്റവും അനുയോജ്യമായി കണക്കാക്കപ്പെടുന്നത്. 30ന് മുകളിലാണെങ്കിൽ ഭാരം കുറച്ച ശേഷം ഗർഭധാരണത്തിന് ശ്രമിക്കുന്നതാണ് നല്ലത്. കാരണം പൊണ്ണത്തടി ഗർഭധാരണത്തെ കൂടുതൽ വെല്ലുവിളിയാക്കും.
മരുന്ന്: ഗർഭ ധാരണത്തിന് തയ്യാറെടുക്കുന്ന സ്ത്രീകൾ ഹൃദ്രോഗം ഉൾപ്പടെയുള്ള രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരാണെങ്കിൽ ഇക്കാര്യം ഡോക്ടറെ അറിയിക്കേണ്ടതുണ്ട്. ഈ മരുന്നുകളുടെ പാർശ്വഫലം ഗർഭധാരണത്തെ ബാധിക്കുമോ എന്ന് ഉറപ്പുവരുത്തുക. ഏത് രോഗങ്ങൾക്കായാലും സ്വയം ചികിത്സ കഴിവതും ഒഴിവാക്കുക.
ഭക്ഷണക്രമം: നമ്മൾ കഴിക്കുന്ന ഭക്ഷണം ആരോഗ്യകരമായ ഗർഭധാരണത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഗർഭധാരണത്തിന് സഹായിക്കുന്നതും ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതുമായ സമീകൃതാഹാരങ്ങൾ പതിവാക്കുക. ഫാസ്റ്റ് ഫുഡ്, ചോക്ലേറ്റ്, ഐസ്ക്രീം, ബേക്കറി സാധനങ്ങൾ തുടങ്ങിയ ഉയർന്ന കലോറി ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇത്തരം ഭക്ഷണ പദാർഥങ്ങൾ പി.സി.ഒ.ഡി (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം), പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. ഇതിന് പകരമായി കുറഞ്ഞ അളവിൽ കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും ധാരാളമായി പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുക. ശരീരത്തിന് ആവശ്യമുള്ള നല്ല കൊഴുപ്പ്, നന്നായി പ്രോട്ടീൻ ലഭിക്കുന്ന ഭക്ഷണങ്ങൾ എന്നിവയും ഭക്ഷണക്രമത്തിൽ ചേർക്കുക.
കൂടുതൽ പോഷകങ്ങൾ ഉറപ്പു വരുത്താം: ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ് ഗർഭാവസ്ഥയിൽ മാതാവിൽ നിന്ന് ലഭിക്കുന്ന പോഷകങ്ങൾ. ഗർഭാവസ്ഥയിൽ കൂടുതൽ പോഷകഗുണങ്ങൾ ലഭിക്കുന്നതിന് പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ് എന്നിവയുടെ ഉപഭോഗം വർദ്ധിപ്പിക്കുന്നത് നല്ലതാണ്.
ഗർഭകാലത്തിൽ നാല് മുതൽ ഏഴ് മാസം വരെയുള്ള കാലഘട്ടത്തിൽ 200 കലോറി അധികമായി ചേർക്കുന്നത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് നല്ലതാണ്. എട്ട്, ഒൻപത് മാസങ്ങളിൽ 400 കലോറി കൂടി അധികമായി ലഭിക്കുന്ന തരത്തിൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നത് നല്ലതാണ്.
കഠിനാധ്വാനം ഉള്ള ശാരീരിക പ്രവർത്തനങ്ങളിൽ ജാഗ്രത പുലർത്താം : ഗർഭകാലത്ത് ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്ന കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ആദ്യ മൂന്ന് മാസത്തിൽ നടത്തം പോലുള്ള ലഘുവായ വ്യായാമങ്ങൾ ചെയ്യുന്നത് ഏറെ ഗുണം ചെയ്യും. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിനായി ഫോളിക് ആസിഡ് ഗുളികകൾ കഴിക്കുന്നത് അഭികാമ്യമാണ്.
നാല് മുതൽ ഏഴ് വരെയുള്ള മാസങ്ങളിൽ സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണ്. അതേസമയം കഠിനാധ്വാനം വേണ്ടതും ഭാരം ചുമക്കേണ്ടതുമായ വേണ്ട പ്രവർത്തനങ്ങൾ ഒഴിവാക്കണം. അവസാന മാസങ്ങളിൽ ശരീരത്തിന് ആയാസരഹിതമായ കിടന്നുകൊണ്ടുള്ള വ്യായാമങ്ങൾ വേണം തിരഞ്ഞെടുക്കാൻ. നാലാം മാസം മുതൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഇരുമ്പ്, കാൽസ്യം എന്നിവ അടങ്ങിയ ഗുളികകൾ കഴിക്കുന്നതും നല്ലതാണ്.
ഗർഭം അലസാതെ ശ്രദ്ധിക്കാം : ഗർഭധാരണത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ ഗർഭം അലസാനുള്ള സാധ്യത കൂടുതലാണ്. ഏറ്റവുമധികം ജാഗ്രത പാലിക്കേണ്ട സമയമാണിത്. സങ്കീർണതകളോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ലെങ്കിൽ നടത്തം ഉൾപ്പെടെയുള്ള ലഘു വ്യായാമങ്ങൾ തുടരാവുന്നതാണ്. ഇക്കാലയളവിൽ ദീർഘദൂര യാത്രകൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങളിൽ.
• പ്രസവവ ശേഷവും ശ്രദ്ധിക്കാം
അമിത ഭക്ഷണവും ഉറക്കവും ഒഴിവാക്കുക : പ്രസവ ശേഷം അമിതമായി ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതുമായ ശീലങ്ങൾ ഒഴിവാക്കേണ്ടതാണ്. ഗർഭധാരണത്തിനു ശേഷവും വ്യായാമം തുടരുന്നത് പ്രസവവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പെട്ടെന്ന് മാറാൻ സഹായിക്കും.
മുലയൂട്ടൽ പതിവാക്കുക : കുഞ്ഞിന് രണ്ട് വർഷം വരെ മുലയൂട്ടണമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിന് ഏറെ അത്യന്താപേക്ഷിതമായ കാര്യമാണ് മുലയൂട്ടൽ. അതേസമയം ജോലിത്തിരക്കും മറ്റ് ബുദ്ധിമുട്ടുകളും മൂലം മുലയൂട്ടാൻ മടിക്കുന്ന അമ്മമാരുടെ എണ്ണം കൂടി വരുന്നുണ്ട്. ഇക്കാര്യത്തിൽ യാതൊരു ഉപേക്ഷയും വരുത്തരുത്.
പോഷകാഹാരം ശീലമാക്കുക : മുലയൂട്ടൽ കാലത്ത് അമ്മക്കും കുഞ്ഞിനും മതിയായ പോഷകങ്ങൾ ലഭിക്കുന്ന തരത്തിൽ ഭക്ഷണം ക്രമീകരിക്കണം. മുലയൂട്ടുമ്പോൾ 500 മുതൽ 700 കലോറി വരെ ചിലവഴിക്കേണ്ടി വരുന്നുണ്ട്. ഇത് പരിഹരിക്കാൻ കഴിയുന്ന രീതിയിലുള്ള ഭക്ഷണക്രമമാണ് വേണ്ടത്. പ്രോട്ടീന്റെ അളവ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് മാതാവിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം കാൽസ്യം, അയൺ തുടങ്ങിയവ ഉപയോഗിക്കാം. വെള്ളം നന്നായി കുടിക്കണം. അതേസമയം മാതാവ് കൂടുതലായി പശുവിൻ പാൽ കുടിക്കുന്നത് മുലപ്പാൽ വർദ്ധിക്കാൻ കാരണമാകും എന്നത് തെറ്റിദ്ധാരണയാണ്. ഉലുവ, വെളുത്തുള്ളി, സൂചി ഗോതമ്പ്, ഓട്സ്, ചെറുപയർ മുളപ്പിച്ചത് തുടങ്ങിയവയും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
–
ആത്യന്തികമായി കുട്ടികൾ എപ്പോൾ വേണമെന്ന കാര്യത്തിൽ തീരുമാനിക്കേണ്ടത് ദമ്പതികളാണ്. ശാരീരികമായും സാമൂഹ്യമായും മാനസികമായും പാകപ്പെട്ടതിന് ശേഷം മാത്രം ഇതുമായി മുന്നോട്ട് പോകുന്നതാണ് ഏറ്റവും നല്ലത്.
തയ്യാറാക്കിയത്: ഡോ. ആമിന ബീവി, സീനിയർ സ്പെഷ്യലിസ്റ്റ് – ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ആസ്റ്റർ മിംസ്, കോഴിക്കോട്