കോട്ടയം : വാഹനം തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിന് ഒടുവിൽ യുവാക്കൾ സഞ്ചരിച്ച വാഹനം നടുറോഡിൽ തടഞ്ഞ് നിർത്തി മഴു ഉപയോഗിച്ച് വെട്ടുകയും ചില്ല് തകർക്കുകയും ചെയ്ത സംഭവത്തിൽ നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവ് പിടിയിൽ. ചങ്ങനാശേരി സ്വദേശിയായ മിഥുൻ തോമസാണ് അക്രമം നടത്തിയത്. ഇയാളെ ചങ്ങനാശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ ചങ്ങനാശേരി ബൈപ്പാസ് റോഡിലായിരുന്നു അക്രമ സംഭവങ്ങൾ. ളായിക്കാട് പെട്രോൾ പമ്പിൽ വച്ച് മിഥുൻ തോമസും സംഘവും സഞ്ചരിച്ച കാർ യുവാക്കൾ സഞ്ചരിച്ച കാറുമായി കൂട്ടിമുട്ടി.
തുടർന്ന് , മിഥുൻ സഞ്ചരിച്ച കാറിലുണ്ടായിരുന്ന സംഘം യുവാക്കളുടെ സംഘത്തെ ഭീഷണിപ്പെടുത്തി. ഇതോടെ യുവാക്കളുടെ സംഘം കാറിനെ പിൻതുടർന്ന് വരികയായിരുന്നു. തുടർന്ന് , ചങ്ങനാശേരി ബൈപ്പാസിൽ വച്ച മിഥുൻ യുവാക്കളുടെ സംഘം സഞ്ചരിച്ച കാറിനെ തടഞ്ഞ് നിർത്തി. ഇതോടെ മഴുവുമായി പുറത്തിറങ്ങിയ മിഥുൻ കാറിന്റെ ബോണറ്റ് വെട്ടി തകർക്കുകയും , ചില്ല് അടിച്ച് തകർക്കുകയും ചെയ്തു. തുടർന്ന് മഴു വീശി റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ ചങ്ങനാശേരി പൊലീസ് സംഘം മിഥുനെ കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരെ പൊലീസ് കാപ്പ ചുമത്താനുള്ള നടപടികളും ആരംഭിച്ചു.