കടുത്തുരുത്തി: വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുവേണ്ടി റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്ന കടുത്തുരുത്തി പിറവം റോഡില്‍ നിലനില്‍ക്കുന്ന യാത്രാദുരിതം പരിഹരിക്കുന്നതിന് കുഴികള്‍ നികത്തി റോഡ് സഞ്ചാരയോഗ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു. തുടര്‍ച്ചയായി പെയ്യുന്ന മഴ മൂലമുള്ള പ്രതികൂല കാലാവസ്ഥയ്ക്ക് മാറ്റമുണ്ടായാല്‍ ഉടനെ തന്നെ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയതായി എം.എല്‍.എ. വ്യക്തമാക്കി. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പ്രവര്‍ത്തി ഏറ്റെടുത്തിട്ടുള്ള കമ്പനികളുടെ മേല്‍നോട്ടത്തിലാണ് ടാര്‍ ഒഴിച്ച് അത്യാവശ്യമുള്ള അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിന് തീരുമാനിച്ചിട്ടുള്ളത്.
ദുര്‍ഘടമായ ഇപ്പോഴത്തെ യാത്രാപ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് മോന്‍സ് ജോസഫ് എം.എല്‍.എ. വിളിച്ചുചേര്‍ത്ത പൊതുമരാമത്ത് വകുപ്പിന്റേയും വാട്ടര്‍ അതോറിറ്റിയുടേയും ഉന്നത ഉദ്യോഗസ്ഥ തലത്തിലുള്ള യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. എത്രയും വേഗം കല്‍ക്കട്ടയില്‍ നിന്ന് പൈപ്പ് എത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. വലിയ പൈപ്പായതുകൊണ്ട് കൂടുതല്‍ തൊഴിലാളികളെ വിവിധ ഗ്രൂപ്പായി തിരിച്ച് പരമാവധി വേഗത്തില്‍ പൈപ്പ് സ്ഥാപിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കുന്നതാണ്. ഇത് തീര്‍ന്നാലുടനെ റോഡിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്ന മുട്ടുചിറ – ആയാംകുടി – എഴുമാന്തുരുത്ത് – വടയാര്‍ – വെള്ളൂര്‍ – മുളക്കുളം റോഡ് അത്യാവശ്യ ജോലികള്‍ ചെയ്ത് ഗതാഗതയോഗ്യമാക്കാന്‍ പ്രവര്‍ത്തിയുടെ ചുമതല വഹിക്കുന്ന കെ.എസ്.ടി.പി.യ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി മോന്‍സ് ജോസഫ് അറിയിച്ചു. പെരുവ – പിറവം റോഡിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 31 ന് മുമ്പായി പൂര്‍ത്തിയാക്കുന്നതാണ്. ഇവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചു. ഖീഴൂര്‍ – ഞീഴൂര്‍ റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ വകയായി ലഭിച്ച 55 ലക്ഷം രൂപയ്ക്ക് പുറമേയുള്ള തുക പൊതുമരാമത്ത് വകുപ്പില്‍ നിന്ന് കണ്ടെത്താന്‍ തീരുമാനിച്ചു. ഇതിനായി കോട്ടയം എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. അറുന്നൂറ്റിമംഗലം മുതല്‍ ഞീഴൂര്‍ വരെ റീടാറിംഗ് നടത്താനുള്ള പ്രോജക്ട് വേര്‍തിരിച്ച് നടപ്പാക്കാനും തീരുമാനിച്ചു.
വെമ്പള്ളി – വയലാ – കടപ്ലാമറ്റം – കുമ്മണ്ണൂര്‍ റോഡ് ബി.സി. ഓവര്‍ലേ ചെയ്ത് മെച്ചപ്പെട്ട നിലവാരത്തില്‍ നവീകരിക്കുന്ന പ്രോജക്ടാണ് രണ്ട് വര്‍ഷമായി സര്‍ക്കാരിലുള്ളത്. റോഡിന്റെ നിലവിലുള്ള ശോച്യാവസ്ഥ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ബോദ്ധ്യപ്പെടുത്തിയതായി എം.എല്‍.എ. അറിയിച്ചു. എത്രയും പെട്ടെന്ന് ഈ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിന്റെ പരിധിയില്‍ ഫണ്ട് അനുവദിക്കുകയും അനുമതി ലഭിക്കുകയും ചെയ്ത എല്ലാ പി.ഡബ്ല്യു.ഡി. റോഡിലും നിര്‍മ്മാണ – വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് സത്വരതീരുമാനമെടുത്തിട്ടുണ്ട്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് പുത്തന്‍കാലാ, പൊതുമരാമത്ത് വകുപ്പ് കോട്ടയം ഡിവിഷന്‍ ഖ്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജോസ് രാജന്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. സുരേഷ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.ബി.സ്മിത, (കടുത്തുരുത്തി) ടി.കെ.വാസുദേവന്‍ നായര്‍, (മുളക്കുളം) ജോണി തോട്ടുങ്കല്‍, (കല്ലറ) തോമസ് മാളിയേക്കല്‍, (കിടങ്ങൂര്‍) കെ.എം. തങ്കച്ചന്‍, ബിനു ജോസ് (ഉഴവൂര്‍), സജേഷ് ശശി (വെളിയന്നൂര്‍), ത്രേസ്യാമ്മ സെബാറ്റിയന്‍ (കടപ്ലാമറ്റം), മിനി മത്തായി, അല്‍ഫോന്‍സ ജോസഫ് (കുറവിലങ്ങാട്), ഉഷ രാജു, നിര്‍മ്മല ദിവാകരന്‍ (മരങ്ങാട്ടുപള്ളി), കെ.പി. ദേവദാസ്, ബോബന്‍ മഞ്ഞളാമലയില്‍ (ഞീഴൂര്‍), ലിസ്സി ജോസ്, സാലിമ്മ ജോളി (മാഞ്ഞൂര്‍), ലൗലിമോള്‍ വര്‍ഗ്ഗീസ്, ബെറ്റ്‌സിമോള്‍ ജോഷി (കാണക്കാരി) എന്നിവര്‍ വിവിധ ജനകീയാവശ്യങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു.