കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി നൂറുൽ ഹുസൈൻ (19) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. മുൻപ് തീ പിടുത്തം ഉണ്ടായ അതേ കെട്ടിടത്തിൽ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൂന്നാം വാർഡിന് പിന്നിൽ സർജിക്കൽ ബ്ളോക്കിനായി നിർമ്മിച്ച കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവർ ചേർന്ന് നൂറുൽ ഹുസൈനെ ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. അൽപസമയത്തിന് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ഈ കെട്ടിടത്തിൽ തീ പിടുത്തം ഉണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.