കോട്ടയം : ഓൺലൈൻ ലോട്ടറിയുടെ സമ്മാനത്തിന് അർഹനായെന്ന് വിശ്വസിപ്പിച്ച് ആലപ്പുഴ സ്വദേശിയിൽ നിന്നും പണം തട്ടാൻ ശ്രമം. ആലപ്പുഴ ഈര സ്വദേശി അജയകുമാറിൽ നിന്നാണ് പണം തട്ടാൻ ശ്രമം നടന്നത്.
സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പിൽ അഞ്ച് ലക്ഷം രൂപയുടെ സമ്മാനത്തിന് അജയകുമാർ അർഹനായി എന്ന് വിശ്വസിപ്പിച്ച് സമ്മാനത്തുകയുടെ നികുതി മുൻകൂർ അടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം അജയകുമാറിന്റെ ഫോണിലേക്കു വന്ന വാട്സ്ആപ്പ് സന്ദേശത്തോടെയായിരുന്നു സംഭവത്തിന്റെ തുടക്കം. സം/സ്ഥാന ഭാഗ്യക്കുറി ഓൺലൈനായി നറുക്കെടുക്കുന്നുണ്ടെന്നും 40 രൂപ മുടക്കിയാൽ ആർക്കും ടിക്കറ്റുകൾ സ്വന്തമാക്കാം എന്നുമായിരുന്നു വാട്സ്ആപ്പ് സന്ദേശം. ഇതിനു പിനാലെ അജയകുമാറിന്റെ ഫോണിലേക്ക് ഒരു വിളിയെത്തി.
40 രൂപ മുടക്കിയാൽ 12 കോടി വരെ സമ്മാനം നേടാം എന്നായിരുന്നു വിളിയുടെ ഉള്ളടക്കം. തട്ടിപ്പായിരിക്കാം എന്ന് സംശയം തോന്നിയെങ്കിലും അജയകുമാറും 40 രൂപ മുടക്കി ഓൺലൈൻ ആയി ഒരു ടിക്കറ്റ് എടുത്തു. ഉടൻതന്നെ ടിക്കറ്റിന്റെ ഫോട്ടോ വാട്സാപ്പിൽ ലഭിക്കുകയും ചെയ്തു. റിസൾട്ട് അറിയാൻ വൈകുന്നേരം ഈ ലിങ്കിൽ കയറി നോക്കിയാൽ മതിയെന്ന് പറഞ്ഞുകൊണ്ട് ഒരു ലിങ്കും നൽകി. വൈകുന്നേരം ലിങ്കിൽ കയറി നോക്കിയപ്പോൾ അജയ് കുമാറിന്റെ കയ്യിലിരിക്കുന്ന ടിക്കറ്റിനുമുണ്ട് സമ്മാനം. അഞ്ചാം സമ്മാനമായ അഞ്ച് ലക്ഷം രൂപ. ഇതോടെ ടിക്കറ്റ് അയച്ചു നൽകിയ നമ്പറിലേക്ക് അജയകുമാർ തിരിച്ചു വിളിച്ചു. തനിക്ക് സമ്മാനം ഉണ്ടെന്ന് അജയകുമാർ പറഞ്ഞപ്പോൾ സിസ്റ്റത്തിൽ നോക്കി അവിടെ ഉണ്ടായിരുന്നവർ അത് സ്ഥിരീകരിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമ്മാനത്തുക കൈപ്പറ്റാൻ എന്ത് ചെയ്യണമെന്ന് അജയകുമാർ ചോദിച്ചപ്പോൾ ആദ്യം ജിഎസ്ടി ഇനത്തിൽ 6200 രൂപ അവർ പറയുന്ന അക്കൗണ്ടിലേക്ക് അയച്ചു നൽകണമെന്നായിരുന്നു മറുപടി. ഇതോടെ അജയന് തട്ടിപ്പിന്റെ ചിത്രം വ്യക്തമായി. തന്റെ കയ്യിൽ ഇപ്പോൾ പണമില്ലെന്നും നാളെ നൽകാമെന്നും അവരെ പറഞ്ഞു വിശ്വസിപ്പിച്ച ശേഷം അജയൻ സൈബർ പോലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകി. ആ 6200 രൂപയ്ക്ക് വേണ്ടി അവർ ഇപ്പോഴും അജയകുമാറിന്റെ ഫോണിലേക്ക് നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. താൻ ഈ തട്ടിപ്പിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടുവെന്നും ഇനി ആർക്കും ഈ അബദ്ധം പറ്റരുത് എന്നുമാണ് അജയകുമാറിന് പറയാനുള്ളത്. സൈബർ പോലീസിൽ നൽകിയ പരാതിയുമായി മുന്നോട്ട് പോകാനാണ് അജയകുമാറിന്റെ തീരുമാനം.