കോട്ടയം: പ്രതിപക്ഷ നേതാവിന്റെ നിയമസഭാപ്രസംഗത്തിന്റെ പത്രവാർത്ത ജി.എസ്.റ്റി. വകുപ്പിലെ ജീവനക്കാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തതിന്റെ പേരിൽ നടക്കുന്ന കൂട്ട സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ കളക്ടറേറ്റിൽ പ്രകടനത്തിന് നേതൃത്വം നൽകിയ എൻ.ജി.ഒ.അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 25 ഓളം പേർക്കെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധം വ്യാപകമാകുന്നു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം. ജാഫർ ഖാൻ, സംസ്ഥാന സെക്രട്ടറിമാരായ രഞ്ജു കെ മാത്യു , ബോബിൻ വി.പി. എന്നിവരുൾപ്പെടെ 25 പേർക്കെതിരെയാണ് കേസ്. ഇതിൽ 10 ഓളം വനിതാ പ്രവർത്തകരും ഉണ്ട്. അന്യായമായി സംഘം ചേരൽ , കലാപ ആഹ്വാനം , സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അന്യായമായ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് സംഘടന രൂപം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.