സ്ത്രീകളില്‍ പ്രസവാനന്തരമുണ്ടാകുന്ന വിഷാദരോഗമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ. പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന അമ്മമാര്‍ ഏറെയാണ്.ഗര്‍ഭാവസ്ഥയുടെ അവസാനംതൊട്ട്, കുഞ്ഞുണ്ടായി ഏതാനും മാസംവരെ ഇത് നീണ്ടുനില്‍ക്കാം. അമ്മയാവുന്ന ഒൻപതില്‍ ഒരാള്‍ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ അമ്മമാരില്‍ മാത്രമല്ല അച്ഛന്മാരിലും പ്രസവാനന്തരവിഷാദരോഗം കാണുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം. എട്ടുമുതല്‍ പതിനെട്ടുശതമാനത്തോളം അച്ഛന്മാരെ പ്രസവാനന്തര വിഷാദരോഗം ബാധിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ഇല്ലിനോയ് ചിക്കാഗോ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. അച്ഛന്മാരേയും പ്രസവാനന്തര വിഷാദരോഗ സ്ക്രീനിങ്ങിന് വിധേയരാക്കണമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ബി.എം.സി. പ്രെഗ്നൻസി ആൻഡ് ചൈല്‍ഡ്ബര്‍ത്ത് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പഠനത്തില്‍ പങ്കാളികളായ അച്ഛന്മാരെ അഭിമുഖം നടത്തുകയും സ്ക്രീനിങ് ചെയ്യുകയും ചെയ്തതിനൊടുവിലാണ് ഗവേഷകര്‍ വിലയിരുത്തലിലെത്തിയത്. അവരില്‍ പ്രസവാനന്തര വിഷാദരോഗസാധ്യത മുപ്പതു ശതമാനമായിരുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി. അമ്മമാരിലെ പ്രസവാനന്തര വിഷാദരോഗ നിര്‍ണയത്തിനുള്ള അതേ മാര്‍ഗങ്ങളാണ് ഇവിടേയും ഗവേഷകര്‍ സ്വീകരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരുപാട് അച്ഛന്മാര് ആദ്യത്തെ കുഞ്ഞുണ്ടായതിനുശേഷം സമ്മര്‍ദവും ഭയവും നേരിടുന്നുണ്ടെന്നും തൊഴിലിടം ബാലൻസ് ചെയ്യുക, പാരന്റിങ്, പങ്കാളിക്കു ചെയ്യേണ്ട ഉത്തരവാദിത്തങ്ങള്‍ തുടങ്ങിയവയില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. ഇവയാണ് പിന്നീട് വിഷാദരോഗത്തിലേക്ക് നയിക്കുന്നത്. പുരുഷന്മാര് ഇവ നിശബ്ദം മല്ലിടുന്നതുകൊണ്ടുതന്നെ ആരും അവരുടെ മാനസികാവസ്ഥയേക്കുറിച്ച് ചോദിച്ചറിയുന്നില്ല- പഠനത്തിന് നേതൃത്വം നല്കിയ ഡോ.സാം വെയ്ൻ റൈറ്റ് പറയുന്നു.
പങ്കാളി നിരാശയിലൂടെ കടന്നുപോകുന്ന സ്ത്രീകളില്‍ പ്രസവാനന്തര വിഷാദരോഗത്തിനുള്ള സാധ്യത ഇരട്ടിയുമാകും. തങ്ങള്‍ വളരെ സമ്മര്‍ദത്തിലൂടെ കടന്നുപോവുകയാണെങ്കിലും ഭാര്യയെ പിന്തുണയ്ക്കാനുള്ളയാള് എന്ന നിലയ്ക്ക് പലരും അതു തുറന്നുപറയുന്നില്ലെന്ന് സാം പറയുന്നു. പലരും വിദഗ്ധ സേവനം തേടാൻ മടിക്കുന്നത് സ്ഥിതി വഷളാക്കുന്നുവെന്നും സാം പറയുന്നു.
പരിഹാരങ്ങള്‍
നേരത്തെ തിരിച്ചറിഞ്ഞാല്‍ വീട്ടില്‍ വെച്ചുതന്നെ ഈ പ്രശ്നം പരിഹരിക്കാനാവും.
ടോക്ക് തെറാപ്പി(Talk Therapy) വിഷാദ ചികിത്സയ്ക്ക് വളരെ ഫലപ്രദമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
കൃത്യമായി ഭക്ഷണം കഴിക്കുക.
ദിവസവും വ്യായാമം ചെയ്യുക.
രാത്രി കൃത്യമായി ഉറങ്ങുക.
കുഞ്ഞിന്റെ കരച്ചില് ഉറക്കം കളയുന്നുണ്ടെങ്കില്‍ പകല്‍ സമയത്ത് അല്പനേരം ഉറങ്ങുക.
മദ്യം ഉള്‍പ്പടെയുള്ള ലഹരി ഉപയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുക.
ഇത്തരം കാര്യങ്ങളെല്ലാം ചെയ്തിട്ടും വിഷാദം മാറുന്നില്ലെങ്കില്‍ പ്രശ്നം ഗുരുതരമാവുന്നതിന് മുൻപായി ഒരു സൈക്കോളജിസ്റ്റിനെ കണ്ട് ആവശ്യമായ ഉപദേശം സ്വീകരിക്കുക.