കോട്ടയം: എസ് ബി കോളേജ് എം. ബി. എ വിഭാഗമായ ബെർക്ക് മാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഇരുപത്തിയെട്ടാം നാഷണൽ മാനേജ്മെന്റ് ഫെസ്റ്റ് ബർക്ക് നോവയ്ക്ക് ഒക്ടോബർ 12 വ്യാഴാഴ്ച തിരി തെളിയും. രാവിലെ പത്തിന് കോളേജിലെ ആർച്ച് ബിഷപ്പ് കാവുക്കാട്ട് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ലേബർ റിഫോം അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ എം പി ജോസഫ് (ഐ എ എസ്) ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. നൂറോളം കോളേജുകളിൽ നിന്നായി 500 ഓളം വിദ്യാർത്ഥികളാണ് വിവിധ ഇനങ്ങളിൽ മത്സരിക്കുന്നത്.
എട്ട് ഇവന്റുകൾ ആയിട്ടാണ് മത്സരം നടത്തുന്നത്. ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്മെന്റ് ടീം, ബിസിനസ് ക്വിസ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ് ഇവന്റുകൾ എന്നിവയാണ് പ്രധാന ഇനങ്ങൾ. 2 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. പ്രധാന സ്പോൺസർ ജൂബീറിച്ചും സഹസ്പോൺസർസ് തോപ്പിൽ ജ്വല്ലേഴ്‌സും സി എസ് ബി ബാങ്കുമാണ്. പത്രസമ്മേളനത്തിൽ ബെർക്ക് മാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. തോമസ് വർഗീസ്, ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ജോയിച്ചൻ മാനുവൽ, സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ ഡോ. ക്രിസ് എബ്രഹാം , വിദ്യാർത്ഥി ചെയർമാന്മാരായ അതുൽ ജോർജ്, സാഹിൽ സന്തോഷ് എന്നിവർ പങ്കെടുത്തു.