കോട്ടയം : ചേസിസ് നമ്പരും നമ്പർ പ്ലേറ്റും വ്യാജമായി നിർമ്മിച്ച് ബൈക്ക് സ്റ്റണ്ടിങ് നടത്തി വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിരുന്ന അഞ്ചു യുവാക്കൾ പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സംയുക്ത പരിശോധനയിൽ കുടുങ്ങി. വിദ്യാർത്ഥികളും യുവാക്കളും വലിയതോതിൽ ബൈക്ക് സ്റ്റണ്ടിങ് നടത്തുന്നതായും ഇത്തരത്തിൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നതായും മോട്ടോർ വാഹന വകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇത് തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോസ്മെന്റ് വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കിഷോർ , രാജേഷ്, ബി. ആശാ കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസിന്റെ സഹായത്തോടെ സംയുക്ത പരിശോധന നടത്തിയത്.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പോലീസും മോട്ടോർ വാഹന വകുപ്പും നടത്തിയ പരിശോധനയിൽ അഞ്ചു ബൈക്കുകളാണ് സ്റ്റണ്ടിങ്ങ് നടത്തുന്നതായി കണ്ടെത്തിയത്. അഞ്ചു ബൈക്കുകൾ പിടിച്ചെടുക്കുകയും ഇവർക്കെതിരെ കേസെടുക്കുന്ന നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാമിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും സ്റ്റണ്ടിങ്ങ് നടത്തുന്ന വീഡിയോകൾ പ്രചരിപ്പിച്ചാണ് യുവാക്കൾ വൈറലായി മാറിക്കൊണ്ടിരുന്നത്. ഇത്തരത്തിൽ സ്റ്റണ്ടിങ്ങ് നടത്തിയിരുന്ന യുവാക്കളുടെ ബൈക്കിന്റെ നമ്പർ ശേഖരിച്ചാണ് പോലീസ് – മോട്ടോർ വാഹന വകുപ്പ് സംയുക്ത പരിശോധന സംഘം നടപടി സ്വീകരിച്ചത്. ഇത്തരത്തിൽ അപകടകരമായ രീതിയിൽ ബൈക്ക് സ്റ്റാൻഡിങ് നടത്തുന്ന യുവാക്കൾ നിരന്തരം അപകടമുണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.