കോട്ടയം : വാറണ്ട് കേസിൽ തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാലു പേർക്കെതിരെ നടപടി സ്വീകരിക്കുകയും ഇവരില്‍ രണ്ടുപേരെ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. തമിഴ്നാട് സ്വദേശികളായ ദീപക്, മുരളി.എം , കണ്ണൻ, ശരവണകുമാർ, മുരുകേശൻ, അറുമുഖം എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ തമിഴ്നാട് തേനി ഉത്തമപാളയം സ്വദേശിയായ ദീപക് 2018 ൽ എരുമേലി വലിയമ്പലം ഭാഗത്ത് ശബരിമല തീർത്ഥാടകന്റെ തോൾസഞ്ചി മുറിച്ച് 2,200 രൂപയും മൊബൈൽ ഫോണും മോഷ്ടിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2018 ൽ കഞ്ചാവ് വില്പന കേസിലാണ് മുരളിയെ പോലീസ് പിടികൂടുന്നത്.
തുടർന്ന് ഇരുവരും കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങുകയും ഒളിവിൽ പോവുകയായിരുന്നു. ഇത്തരത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്നവരെ പിടികൂടുന്നതിന് വേണ്ടി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദ്ദേശത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലില്‍ തമിഴ്നാട് തേനിയിൽ നിന്നും ഇവരെ പിടികൂടുകയായിരുന്നു. ഇവരെ കൂടാതെ വിവിധ പെറ്റി കേസുകളിൽ പെട്ട് കോടതി വാറണ്ട് പുറപ്പെടുവിച്ച മറ്റു നാല് പേരെയും കൂടി അന്വേഷണസംഘം പിടികൂടി. ഇവർക്കെതിരെ കോടതി നടപടി സ്വീകരിക്കുകയും ദീപക്കിനെയും, മുരളിയേയും കോടതി റിമാൻഡ് ചെയ്യുകയുമായിരുന്നു. എസ്.ഐ മാരായ സുരേഷ് കുമാർ, സുനിൽ.ആർ, ജോസഫ് ആന്റണി, സി.പി.ഓ നൂറുദ്ദീൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.