സ്പോർട്സ് ഡെസ്ക് : ഏകദിന ലോകകപ്പിലെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ലോക റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ഇന്ത്യൻ നായകൻ രോഹിത് ശര്‍മ.അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടിയ താരമായി മത്സരത്തിലൂടെ രോഹിത് ശര്‍മ മാറി. യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയ്ലിനെ മറികടന്നാണ് രോഹിത് ശര്‍മ ഈ തട്ടുപൊളിപ്പൻ റെക്കോര്‍ഡ് സ്വന്തമാക്കിയത്. 453 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച രോഹിത് ശര്‍മ ഇതുവരെ 554 സിക്സറുകളാണ് നേടിയിട്ടുള്ളത്. 483 മത്സരങ്ങളില്‍ നിന്ന് 553 സിക്സറുകളുമായി ഗെയ്ല് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്. 524 മത്സരങ്ങളില്‍ നിന്ന് 476 സിക്സറുകള്‍ നേടിയിട്ടുള്ള ഷാഹിദ് അഫ്രീദിയാണ് ലിസ്റ്റില്‍ മൂന്നാമത്.
ഇതിനൊപ്പം മത്സരത്തിലെ വെടിക്കെട്ട് ബാറ്റിംഗോടെ മറ്റു ചില റെക്കോര്‍ഡുകളും മറികടക്കാൻ രോഹിത് ശര്‍മ്മയ്ക്ക് സാധിച്ചു. ഏകദിന ലോകകപ്പില്‍ ഏറ്റവും കുറഞ്ഞ ഇന്നിംഗ്സുകളില്‍ നിന്ന് 1000 റണ്‍സ് സ്വന്തമാക്കുന്ന താരമായും രോഹിത് ശര്‍മ മാറുകയുണ്ടായി. കേവലം 19 ഇന്നിങ്സുകളില്‍ നിന്നാണ് രോഹിത് ശര്‍മ ഏകദിന ലോകകപ്പിലെ തന്റെ 1000 റണ്‍സ് പൂര്‍ത്തീകരിച്ചത്. 19 ഇന്നിംഗ്സുകളില്‍ നിന്ന് 1000 റണ്‍സ് നേടിയിട്ടുള്ള ഡേവിഡ് വാര്‍ണര്‍ ആണ് ലിസ്റ്റില്‍ രണ്ടാമൻ. 20 ഇന്നിങ്സുകളില്‍ നിന്നായിരുന്നു സച്ചിൻ ടെണ്ടുല്‍ക്കര്‍ ഏകദിന ലോകകപ്പില്‍ തന്റെ 1000 റണ്‍സ് പൂര്‍ത്തീകരിച്ചത്. 20 ഇന്നിങ്സുകളില്‍ നിന്ന് 1000 റണ്‍സ് നേടിയിട്ടുള്ള ഡിവില്ലിയേഴ്സ് ആണ് ലിസ്റ്റില്‍ നാലാമൻ. ഇവരെയൊക്കെയും മറികടന്നാണ് രോഹിത് ശര്‍മ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യക്കായി ഏകദിന ലോകകപ്പുകളില്‍ ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ള താരങ്ങളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത് എത്താനും രോഹിത് ശര്‍മ്മയ്ക്ക് സാധിച്ചിട്ടുണ്ട്. ഏകദിന ലോകകപ്പില്‍ 2278 റണ്‍സ് നേടിയിട്ടുള്ള ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കറാണ് ലിസ്റ്റില്‍ ഒന്നാമൻ. ഏകദിന ലോകകപ്പില്‍ 1115 റണ്‍സ് നേടിയിട്ടുള്ള വിരാട് കോഹ്ലി ലിസ്റ്റില്‍ രണ്ടാമത് നില്ക്കുന്നു. ഇവര്‍ക്ക് പിന്നിലായാണ് രോഹിത് ശര്‍മ മത്സരത്തിലെ പ്രകടനത്തിലൂടെ ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുന്നത്. എന്തായാലും രോഹിത്തിനെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ് മത്സരത്തിലൂടെ കൊയ്തിരിക്കുന്നത്.