ആലപ്പുഴ : മാന്നാറില്‍ പ്രവാസി വ്യവസായിയുടെ വീട്ടിൽ നിന്ന് അരക്കോടി രൂപയിലേറെ വിലവരുന്ന ആഭരണങ്ങള്‍ കവർച്ച നടത്തിയ അന്തർ സംസ്ഥാന ക്രിമിനൽ സംഘത്തിലെ മൂന്നു പേരെ ഉത്തരേന്ത്യയിൽ നിന്നും മാന്നാർ പോലീസ് സാഹസികമായി പിടികൂടി. ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് സൽമാൻ (34), ആരിഫ് (30), റിസ്വാൻ സൈഫി (27) എന്നിവരെയാണ് മാന്നാർ ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെയും എസ് ഐ അഭിരാമിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
സംഘത്തലവനും ക്രിമിനലുമായ മുഹമ്മദ് സൽമാനെ യുപിയിലെ ബിജിനൂർ ജില്ലയിലെ കുഗ്രാമമായ ശിവാലകാലായിൽ നിന്നും റിസ്വാൻ സൈഫിയെ ബംഗളുരുവിൽ നിന്നും ആരിഫിനെ മാന്നാറിൽ നിന്നുമാണ് പിടികൂടിയത്. സൽമാനെ ബിജിനൂർ ജില്ലാ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് മുഖാന്തിരം കേരളത്തിൽ എത്തിക്കുകയായിരുന്നു. യുപി സ്വദേശികളായ റിയാസത്ത് അലി, മുഹമ്മദ് ഹസാരി എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഇവർക്കായുളള അന്വേഷണം ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ഊർജിതമായി തുടരുകയാണ്. വരും ദിവസങ്ങളിൽ ഇവർ പിടിയിലാകാനാണ് സാധ്യത.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബഹ്റിനിൽ ബിസിനസ് നടത്തുന്ന രാജശേഖരൻ പിള്ളയുടെ കുട്ടമ്പേരൂർ ഊട്ടുപറമ്പ് സ്കൂളിന് തെക്കുവശത്തുള്ള രാജശ്രീയിൽ വീട്ടിലും, ദീപ്തിയിൽ ഡോ. ദിലീപ്കുമാറിന്റെ വീട്ടിലും കഴിഞ്ഞ മാസം 23 ന്
രാത്രിയിലായിരുന്നു മോഷണം നടന്നത്. വജ്രാഭരണങ്ങളും സ്വർണ്ണാഭരണങ്ങളും ലക്ഷങ്ങൾ വിലമതിക്കുന്ന വാച്ചുകളും ഉൾപ്പെടെ അരക്കോടിയോളം രൂപയുടെ സാധനങ്ങളാണ് പ്രവാസി വ്യവസായിയുടെ വീട്ടിൽ നിന്നും മോഷ്ടിച്ചത്. ഡോ. ദിലീപ്കുമാറിന്റെ വീട്ടിൽ നിന്നും പണമോ സ്വർണമോ നഷ്ടപ്പെട്ടിരുന്നില്ല. ആലപ്പുഴ ജില്ലാ പോലിസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശാനുസരണം ചെങ്ങന്നൂർ ഡി വൈ എസ് പി എം കെ ബിനുകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.