ന്യൂസ് ഡെസ്ക് : കേരളത്തില്‍ ഇടവിട്ടും തുടര്‍ച്ചയായും മഴ പെയ്യുന്ന സാഹചര്യത്തില്‍ പല പ്രദേശങ്ങളിലും ഡെങ്കിപ്പനിയുടെ വ്യാപനവും പിടിമുറുക്കിയിട്ടുണ്ട്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ രോഗപ്രതിരോധ ശേഷി കുറവായതിനാല്‍ ഡെങ്കിപ്പനി തീവ്രമാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഒരു വയസിന് താഴെയുള്ള കുഞ്ഞിങ്ങളിലും നാലിനും ഒൻപതിനും ഇടയില്‍ പ്രായമായ കുട്ടികളിലും കടുത്ത ഡെങ്കിപ്പനിക്ക് സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 15 വയസിന് താഴെയുള്ള കുട്ടികളില്‍ മുതിര്‍ന്നവരെ അപേക്ഷിച്ച് ഡെങ്കിപ്പനി മൂലമുള്ള മരണസാധ്യത നാലു മടങ്ങ് അധികമാണ്.
ഈഡിസ് ഈജിപ്റ്റെ കൊതുകളില്‍ നിന്നും പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. രോഗത്തിന്റെ ആരംഭത്തില്‍ പ്ലേറ്റ്‌ലെറ്റുകള്‍ കുറയില്ലെങ്കിലും പതുക്കെ ഗണ്യമായ കുറവിലേക്ക് നയിക്കും. പനി, ഛര്‍ദ്ദി, തലവേദന, ചെവി വേദന, ശരീര വേദന, ശരീരത്തില്‍ തിണര്‍പ്പുകള്‍, അതിസാരം എന്നിവയാണ് ഡെങ്കിപ്പനിയുടെ ആദ്യം ലക്ഷണങ്ങള്‍. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ ലക്ഷണങ്ങള്‍ പ്രകടമായി ഉണ്ടാവുകയും ചെയ്യും. നിരന്തരമായ ഛര്‍ദ്ദി, വയര്‍ വേദന, മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തസ്രാവം, ക്ഷീണം, ഭക്ഷണം കഴിക്കാത്ത അവസ്ഥ എന്നിവയെല്ലാം രോഗം തീവ്രമായതിന്റെ ലക്ഷണങ്ങളാണ്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ 2-7 ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ കാണിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡെങ്കിപ്പനി തീവ്രമാകുമ്പോള്‍ മയോകാര്‍ഡിയല്‍ ഡിസ്ഫങ്ഷൻ, വൃക്ക നാശം, കരള്‍ തകരാര്‍ പോലുള്ള രോഗസങ്കീര്‍ണതകളും ഉണ്ടാകാം. അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ഡെങ്കിപ്പനി ബാധിക്കാം. കൊതുക് കടിയേല്‍ക്കാതെ സൂക്ഷിക്കുക എന്നതാണ് ഡെങ്കിപ്പനി നിയന്ത്രിക്കാനുള്ള സുപ്രധാന കാര്യം. ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങളും മോസ്‌കിറ്റോ റിപ്പല്ലന്റ് ക്രീമുകളും സഹായകരമാണ്. ഉറങ്ങുമ്പോള്‍ നെറ്റ് ഉപയോഗിക്കുന്നതും നല്ലതാണ്. കൊതുക് മുട്ടയിട്ടു പെരുകാൻ സാധ്യതയുള്ള ഇടങ്ങള്‍ നശിപ്പിക്കുക.