കോട്ടയം : കാരാപ്പുഴയിലും പരിസരത്തും സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാകുന്നു. മദ്യവും ലഹരി മരുന്നുകളും ഉപയോഗിച്ച ശേഷം യുവാക്കളുടെ സംഘമാണ് പ്രദേശത്ത് അഴിഞ്ഞാടുന്നത്. രാത്രിയിൽ സ്ത്രീകളും കുട്ടികളും വീട്ടമ്മമാരും അടക്കമുള്ളവർ സഞ്ചരിക്കുന്ന വഴിയിലാണ് സാമൂഹിക വിരുദ്ധ സംഘം അഴിഞ്ഞാടുന്നത്. പ്രദേശത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും നാട്ടുകാർക്കും വരെ ഈ സാമൂഹിക വിരുദ്ധ സംഘം ശല്യമായിരിക്കുന്നത്. ഈ പ്രദേശത്തെ ഇടവഴികൾ കേന്ദീകരിച്ചാണ് ഈ സംഘം പ്രവർത്തിക്കുന്നത്. പത്തോ അതിലധികം യുവാക്കളുടെ സംഘമാണ് ഇവിടെ വൈകുന്നേരങ്ങളിൽ തമ്പടിക്കുന്നത്. പരസ്യമായി മദ്യപാനവും കഞ്ചാവ് അടക്കമുള്ള ലഹരി മരുന്നുകളും ഇവിടെ വ്യാപകമായി എത്തിക്കുന്നുണ്ട് എന്നാണ് നാട്ടുകാരുടെ പരാതി. നാട്ടുകാർ പ്രതികരിച്ചപ്പോൾ ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് സാമൂഹിക വിരുദ്ധ സംഘം ഭീഷണിപ്പെടുത്തുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. ഇവിടെ തമ്പടിക്കുന്ന യുവാക്കളിൽ പലരും പല കേസുകളിൽ പ്രതികളാണ് എന്നും നാട്ടുകാർ ആരോപിക്കുന്നു. സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമായതിനെ തുടർന്ന് നാട്ടുകാർ ജില്ലാ പൊലീസ് മേധാവി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.