എടത്വ:അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ എടത്വയിലും സമീപ പ്രദേശങ്ങളിലും കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് നിവേദനം നല്കി. സമിതി പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, ട്രഷറാർ ഗോപകുമാർ തട്ടങ്ങാട്ട് എന്നിവർ ചേർന്ന് തിരുവല്ലയിൽ പ്രവർത്തിക്കുന്ന കെ.ആർ.എഫ്.ബി യുടെ ഓഫീസ് സന്ദർശിച്ച് നിവേദനം നല്കിയത്.
നിർമ്മാണം പൂർത്തികരിക്കുകയും പരിപാലന സമയം കഴിഞ്ഞിട്ടും എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിട്ടില്ലാത്തത് സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടില്ലെന്നും മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതിന് റിപ്പോർട്ട് നല്കാമെന്ന്
എക്സിക്യൂട്ടീവ് എഞ്ചിനിയർ പറഞ്ഞു.
എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറെ എടത്വ വികസന സമിതി ഭാരവാഹികൾ സന്ദർശിച്ച് മുഖാമുഖം ചർച്ച ചെയ്തിട്ടുള്ളതാണ്.നിർമ്മാണത്തെ സംബന്ധിച്ച് വിവരവകാശ നിയമ പ്രകാരം ഉള്ള രേഖകൾക്കായി എടത്വ വികസന സമിതി അപേക്ഷ സമർപ്പിക്കുവാൻ തീരുമാനിച്ചു.
ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്വ പള്ളിയിൽ നൂറുകണക്കിന് തീർത്ഥാടകർ ആണ് പ്രതിദിനം എത്തുന്നത്. എടത്വ സെൻ്റ് അലോഷ്യസ് കോളജ് ഉൾപ്പെടെ വിവിധ സ്കൂളുകൾ, വിവിധ ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ ,വ്യാപാര സ്ഥാപനങ്ങൾ എല്ലാം ടൗണിൽ തന്നെയാണ്. അമ്പലപ്പുഴ ഭാഗത്തേത്ത് ഉള്ള യാത്രക്കാർ നിന്നിരുന്നത് ഒരു തണൽ മരത്തിൻ്റെ കീഴിലായിരുന്നു. റോഡ് നവീകരണത്തിൻ്റെ ഭാഗമായി മരം മുറിച്ചു കളഞ്ഞു.കനത്ത വെയിലിലും മഴയത്തും യാത്രക്കാർ കയറി നില്ക്കുന്നത് കടകളുടെ വരാന്തകളിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടിയന്തിരമായി കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 9 ന് എടത്വ വികസന സമിതി ടൗണിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.