പാലാ : മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മഴയും മഞ്ഞും അവഗണിച്ചു ആംബുലൻസ് 98 കി.മി ദൂരം പാഞ്ഞെത്തിയത് ഒന്നേ മുക്കാൽ മണിക്കൂറിനുള്ളിൽ. ഇരട്ടയാർ സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസിലാണ് കട്ടപ്പന കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ നിന്ന് പാലാ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് കുഞ്ഞിനെ എത്തിച്ചത്. മാട്ടുക്കട്ട സ്വദേശിയായ ദമ്പതികളുടെ കുഞ്ഞിനെ മാർ സ്ലീവാ മെഡിസിറ്റിയിലെ പീഡിയാട്രിക് ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്ന് (ബുധനാഴ്ച) വൈകിട്ട് 4.30 യോടെയാണ് ആംബുലൻസ് കട്ടപ്പനയിൽ നിന്ന് പുറപ്പെട്ടത്. പ്രബിൻസായിരുന്നു ആംബുലൻസ് ഓടിച്ചത്. കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ മെയിൽ നഴ്സ് ടിനുവും ഒപ്പമുണ്ടായിരുന്നു. ഇതേ സമയം നെടുങ്കണ്ടത്തു നിന്നു മറ്റൊരു രോഗിയുമായി ആംബുലൻസ് മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിയിരുന്നു. ഈ ആംബുലൻസ് ഡ്രൈവറും കുഞ്ഞുമായി വരുന്ന ആംബുലൻസിന്റെ വിവരങ്ങൾ കൈമാറിയ തോടെ വഴിയിലെ ബ്ലോക്ക് ഒഴിവാക്കാൻ റൂട്ടിലുള്ള മറ്റ് ആംബുലൻസ് ഡ്രൈവർമാരും സന്ദേശം കൈമാറി. സമൂഹ മാധ്യമങ്ങളിലും സന്ദേശം എത്തി. തീക്കോയിയിൽ എത്തിയതോടെ ആംബുലൻസിനു വഴിയൊരുക്കി സേവാ ഭാരതിയുടെ ആംബുലൻസും പൈലറ്റായി പുറപ്പെട്ടു. മാർ സ്ലീവാ മെഡിസിറ്റിയിൽ ശിശുരോഗ വിദഗ്ദരുടെ നേതൃത്വത്തിൽ കുഞ്ഞിനെ പരിശോധിച്ച ശേഷം പീഡിയാട്രിക് ഐസിയുവിൽ പ്രവേശിപ്പിച്ചു.