ചിങ്ങവനം : കുടുംബ പ്രശ്നത്തെ തുടർന്ന് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ സാഹസികമായി രക്ഷിച്ച് വ്യാപാരി നേതാവ്. ചിങ്ങവനം വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റ് പ്രസിഡന്റ് പ്രവീൺ ദിവാകരനാണ് സാഹസികമായി യുവാവിനെ രക്ഷിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.45 നായിരുന്നു സംഭവം. വീട്ടിൽ പോയി ഭക്ഷണം കഴിച്ച ശേഷം മടങ്ങി വരികയായിരുന്നു അദ്ദേഹം. ഈ സമയം ഏകദേശം 35 വയസ് പ്രായമുള്ള തന്നോളം പോരുന്ന ഒരു യുവാവ് ട്രാക്കിൽ ജീവനൊടുക്കാനായി കിടക്കുന്നു. ഇത് കണ്ടതോടെ പ്രവീൺ ഇയാളുടെ സമീപത്ത് എത്തി. തുടർന്ന് ഇയാളെ ട്രാക്കിൽ നിന്ന് മാറ്റാൻ പ്രവീൺ ശ്രമിച്ചു. ഇയാൾ എഴുന്നേൽക്കാതെ വന്നതോടെ ഷർട്ടിൽ പിടിച്ച് മാറ്റാൻ ശ്രമിച്ചു. ഷർട്ട് കീറിയതോടെ യുവാവ് വീണ്ടും ട്രാക്കിൽ കിടന്നു. ഒടുവിൽ പ്രവീൺ മൽപിടുതത്തിലൂടെയാണ് യുവാവിനെ ട്രാക്കിൽ നിന്ന് മാറ്റിയത്. ഇയാളെ ട്രാക്കിൽ നിന്ന് മാറ്റിയതിന് പിന്നാലെ ട്രെയിൻ കടന്ന് പോകുകയും ചെയ്തു. തുടർന്ന് , യുവാവിനെ വീട്ടിൽ എത്തിച്ച ശേഷമാണ് പ്രവീൺ മടങ്ങിയത്.