പാലാ . ബ്രെയിൻ ട്യൂമർ ബാധിച്ചു ഗുരുതരാവസ്ഥയിലായിരുന്ന കർഷകന്റെ തലയിലെ മുഴ ഉണർത്തി കിടത്തിയുള്ള ശസ്ത്രക്രിയയിലൂടെ (ന്യൂറോ മോണിറ്ററിങ് സംവിധാനത്തോടെയുള്ള അവേക്ക് ക്രനിയോട്ടമി) പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ നീക്കം ചെയ്തു. ഇടുക്കി മാവടി സ്വദേശിയായ 51 കാരനെയാണ് ഈ അപൂർവ്വ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്. 6 മാസം മുൻപ് അപസ്മാരം ഉണ്ടായ കർഷകൻ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സ തേടുകയും സ്കാനിങ്ങിനു ശേഷം തുടർ ചികിത്സ നിർദേശിക്കുകയും ചെയ്തിരുന്നു. അടുത്തിടെ വീണ്ടും അപസ്മാരം ഉണ്ടായ കർഷകൻ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടി എത്തുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ തലച്ചോറിലെ മുഴ അതിവേഗം വളരുന്നതായി കണ്ടെത്തി. തലച്ചോറിന്റെ വലതു ഭാഗത്തായിരുന്നു അപകടകരമായ രീതിയിൽ മുഴ വളർന്നു വന്നത്. വലതു കൈ ,കാലുകൾ , സംസാരശേഷി എന്നിവ നിയന്ത്രിക്കുന്ന ഭാഗത്തേക്കും മുഴ പടർന്നു പിടിച്ചിരുന്നു . ശസ്ത്രക്രിയയ്ക്കു ഇടയിൽ ഈ ഭാഗത്തു ക്ഷതം ഉണ്ടാകാതെ ശസ്ത്രക്രിയ നടത്തണം എന്ന വെല്ലുവിളിയായിരുന്നു ഡോക്ടർമാർക്ക് മുന്നിൽ ഉണ്ടായിരുന്നത്. ഇതിനാലാണ് സൂഷ്മതയോടെ ചെയ്യേണ്ട അവേക്ക് ക്രനിയോട്ടമി ശസ്ത്രക്രിയ ഡോക്ടർമാർ നിർദേശിച്ചത്. ബോധത്തിൽ ആയിരുന്ന രോഗിയുടെ കണ്ണുകളുടെ ഭാഗത്തു നിന്ന് കാഴ്ച മറച്ച ശേഷം വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ ആരംഭിച്ചു. ഇതേ സമയത്തു രോഗി നഴ്സുമാർ ചോദിക്കുന്ന ചോദ്യത്തിന് മറുപടി നൽകി സംസാരിച്ചു കൊണ്ടിരുന്നു. കൈ കാലുകളും ചലിപ്പിച്ചിരുന്നു. 4 മണിക്കൂർ കൊണ്ട് സങ്കീർണമായ ശസ്ത്രക്രിയ നടപടികൾ പൂർത്തിയായി. മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ആദ്യത്തെ അവേക്ക് ക്രനിയോട്ടമി ശസ്ത്രക്രിയയാണിത്. ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. ശ്യാം ബാലസുബ്രഹ്മണ്യൻ , അസോ. കൺസൽട്ടൻറ് ഡോ. ടോം ജോസ്, അനസ്തേഷ്യോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ.അജയ് പിള്ള, കൺസൽട്ടൻറ് ഡോ.ശിവാനി ബക്ഷി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.സുഖം പ്രാപിച്ച രോഗിയെ ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റി.