കോട്ടയം : ജില്ലാ ആശുപത്രിയിൽ പൊളിച്ച് നീക്കിയ കെട്ടിടങ്ങളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കി കിടത്തി ചികിത്സ പുനരാരംഭിക്കുക, ആവശ്യത്തിന് ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും സ്ഥിരമായി നിയമിക്കുക, എല്ലാ വിധ പരിശോധനകളും സൗജന്യമാക്കുക,മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) കോട്ടയം ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ ജില്ലാ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
ജില്ലാ സെക്രട്ടറി മിനി.കെ. ഫിലിപ്പ് ധർണ്ണ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രാദേശിക മേഖലയിൽ ആവശ്യത്തിന് ആരോഗ്യ സേവനങ്ങൾ ഇല്ലാത്തതിനാൽ സാധാരണ ജനങ്ങൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണ് ജില്ലാ ആശുപത്രി. കിടത്തി ചികിത്സ വാർഡുകൾ യാതൊരു ബദൽ സജ്ജീകരണവും ഒരുക്കാതെ പൊളിച്ചു നീക്കിയിരിക്കുന്നതിനാൽ ഇവിടെ എത്തുന്ന രോഗികൾക്ക് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു.
കൂടാതെ എല്ലാ വിധ ചികിത്സകളും ഇൻഷുറൻസ് – കാരുണ്യ പദ്ധതിയിൻ കീഴിലാക്കിയിരിക്കുന്നത് കൊണ്ട് സൗജന്യ ചികിത്സ പലപ്പോഴും ലഭിക്കാതെ വരുന്നു.
സൗജന്യ ആരോഗ്യ സേവനവും അനുബന്ധ സേവനങ്ങളും ഉറപ്പാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ആരോഗ്യ മേഖല ഉൾപ്പെടെ എല്ലാ പൊതു സംവിധാനങ്ങളും സ്വകാര്യവൽക്കരിക്കുന്നതിനായി മേഖലയിലെ ബഡ്ജറ്റ് വിഹിതം കുറക്കുകയാണ് സർക്കാർ . കോട്ടയം ജില്ലാ ആശുപത്രിയിൽ പുതിയ കെട്ടിടം പണിയുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പണിയുന്നത്. കിഫ്ബി ചെലവഴിക്കുന്ന തുക പലിശ സഹിതം തിരിച്ച് നൽകേണ്ടതാണ്. സർക്കാർ ആശുപത്രിയിലെ സേവനങ്ങൾക്ക് പൂർണമായി വിലയിടുന്നതിന്റെ മുന്നോടിയാണ് വായ്പാധിഷ്ഠിതമായ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങളെന്നും മിനി കെ. ഫിലിപ്പ് പറഞ്ഞു. ലോക്കൽ സെക്രട്ടറി എ.ജി അജയകുമാർ , ജില്ലാ കമ്മറ്റി അംഗങ്ങൾ ഇ.വി പ്രകാശ്, വി.പി കൊച്ചുമോൻ, തുടങ്ങിയവർ പ്രസംഗിച്ചു.