കോട്ടയം: നാട്ടകം പോളിടെക്‌നിക്കിൽ പ്രോഫഷണൽ ഡിപ്ലോമ ഇൻ ഫിറ്റ്നസ് ട്രെയിനിങ് ആദ്യ ബാച്ചിൽ വിദ്യാർത്ഥിയും കോട്ടയം കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിമ്മിന്റെ ഉടമയും പരിശീലകനുമായ സോളമൻ തോമസ് കഴിഞ്ഞ മാസം നവംബർ 25ന് പവർലിഫിറ്റിംഗ് ഇന്ത്യ ബംഗളുരുവിൽ സംഘടിപ്പിച്ച ദേശീയ ക്ലാസിക് ബെഞ്ച്പ്രെസ്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി മത്സരിച്ച് അഞ്ചാം സ്ഥാനം നേടിയതിനും ക്ളാസ് തുടങ്ങിയ ശേഷം സംസ്ഥാനതലത്തിൽ പവർലിഫ്റ്റിങ് അസോസിയേഷൻ നടത്തിയ രണ്ടു മത്സരങ്ങളിൽ രണ്ട് ഒന്നാംസ്ഥാനം നേടിയതിനും അധ്യാപകരും സഹപാഠികളും ചേർന്ന് സ്വീകരണം നൽകി അനുമോദിച്ചു. ചടങ്ങിൽ പൊന്നാട അണിയിച്ച അധ്യാപകൻ ഗോവിന്ദ് കെ. ആർ സഹപാഠികൾക്ക് സോളമൻ തോമസ് ഒരു പ്രചോദനം ആണെന്ന് പറഞ്ഞു. സഹപാഠികളെ പ്രതിനിധീകരിച്ച് നെൽസൺ തോമസ് അയ്യായിരം രൂപ ക്യാഷ് പ്രൈസ് നൽകുകയും ചെയ്തു.
2022 ജനുവരിയിൽ ജിംനേഷ്യം തുടങ്ങി രണ്ട് വർഷം തികയുന്നതിനുള്ളിൽ സംസ്ഥാനതലത്തിൽ മൂന്ന് സ്വർണ്ണ മെഡലും ഒരു വെങ്കല മെഡലും നേടുകയും ചെയ്തു. ഒക്ടോബറിൽ തൃശൂരിൽ നടന്ന കേരള സ്റ്റേറ്റ് ക്ലാസിക് ബെഞ്ച്പ്രസ്സ് ചാമ്പ്യൻഷിപ്പിൽ കോട്ടയം ജില്ലയ്ക്കായി മത്സരിച്ച് ഒന്നാം സ്ഥാനം നേടിയിരുന്നു. കഴിഞ്ഞ സെപ്തംബറിൽ കണ്ണൂരിൽ നടത്തിയ കേരള സ്റ്റേറ്റ് ക്ലാസിക്ക് പവർലിഫ്റ്റിങ് മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. കഴിഞ്ഞ ഡിസംബർ 11ന് ആലപ്പുഴയിൽ പവർലിഫ്റ്റിങ് അസോസിയേഷന്റെ കേരള സ്റ്റേറ്റ് ക്ലാസിക്ക് ബെഞ്ച്പ്രസ്സ് മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. 2022 ജൂലൈ 30ന് ഫോർട്ട് കൊച്ചിയിൽ നടന്ന കേരള സ്റ്റേറ്റ് ക്ലാസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. കൂടാതെ കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന കോട്ടയം ജില്ലാ പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ ഗ്രാൻഡ് മാസ്റ്റർ 100 കിലോ വിഭാഗത്തിലും ഒന്നാംസ്ഥാനം നേടിയിരുന്നു. കളത്തിപ്പടിയിൽ ജിം തുടങ്ങുന്നതിന് മുൻപ് തിരുവനന്തപുരത്ത് മലയാള മനോരമയിൽ ജോലിയിൽ ആയിരുന്നപ്പോൾ ജില്ലാതലത്തിൽ നടത്തിയ ശരീരസൗന്ദര്യ മത്സരത്തിൽ രണ്ടു തവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. സ്കൂൾ – കോളേജ് പഠന കാലത്ത് സംസ്ഥാനതലത്തിൽ ഗുസ്തി മത്സരത്തിൽ നാലു തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. വരുന്ന ജനുവരിയിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന പവർലിഫ്റ്റിങ് മത്സരത്തിൽ പങ്കെടുക്കാനുള്ള തെയ്യാറെടുപ്പിലുമാണ്.