ചങ്ങനാശേരി : ബൈപ്പാസ് റോഡിൽ നിയന്ത്രണം നഷ്ടമായ കണ്ടെയ്നർ ലോറി ഡിവൈഡറിൽ ഇടിച്ച് കയറി വൻ ഗതാഗതക്കുരുക്ക്. ചങ്ങനാശേരി ബൈപ്പാസ് റോഡിൽ ബുധനാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു അപകടം. തിരുവല്ല ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കണ്ടെയ്നർ ലോറി നിയന്ത്രണം നഷ്ടമായി ഡിവൈഡറിൽ ഇടിച്ച് കയറുകയായിരുന്നു. അപകടത്തെ തുടർന്ന് ഡിവൈഡറിൽ ലോറി കുടുങ്ങിക്കിടന്നത് ഗതാഗത തടസത്തിന് ഇടയാക്കി. എംസി റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളെ അടക്കം അപകടം സാരമായി ബാധിച്ചു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം എംസി റോഡിൽ തിരുവല്ല ചങ്ങനാശ്ശേരി റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതക്കുരുക്ക് പൂർണമായും പരിഹരിക്കാൻ ഇനിയും സാധിച്ചിട്ടില്ല. ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി.